മുംബൈയിൽ ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്റെ വനിതാദിനാഘോഷം

by admin

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 7ന് വൈകിട്ട് കേരള ഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ ആഘോഷിച്ചു. നൂറിലധികം വനിതകൾ പങ്കെടുത്ത ചടങ്ങിൽ മുംബൈ ഇൻകം ടാക്സ് കമ്മീഷണർ സ്മിത വി. നായർ മുഖ്യാതിഥിയായി പങ്കെടുത്തു.

സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞു. ട്രഷറർ എം.വി. രവി, വനിതാ വിഭാഗം ഇൻചാർജ് ജ്യോതിർമയി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദി രേഖപ്പെടുത്തി.

സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യവും പെൺകുട്ടികൾ സ്വയംപര്യാപ്തരായി വളരേണ്ടതിന്റെ ആവശ്യകതയും മുഖ്യാതിഥി സ്മിത വി. നായർ പ്രസംഗത്തിൽ വിശദീകരിച്ചു. അവരുടെ അനുഭവങ്ങൾ പങ്കെടുത്തവർക്കു പ്രചോദനമായി.

സമാജം നടത്തിവരുന്ന നൃത്തം, യോഗ, കഥക് ക്ലാസുകളുടെ അധ്യാപികമാരായ സ്വപ്ന കൽവികട്ടെ, വർഷ മണിയാർ, രൂപാലി ദേശായി എന്നിവരെയും, ലക്നൗവിൽ നടന്ന നാലാമത് മർദാനി നാഷണൽ ചാമ്പ്യൻഷിപ്പിൽ 7–9 വയസ് വിഭാഗത്തിൽ വാൾപയറ്റിൽ സ്വർണവും ലാത്തിയിൽ വെള്ളിയും നേടിയ കുമാരി ശ്രേയ പ്രസാദ് നായരെയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

പരിപാടിയിൽ യോഗ ക്ലാസ് അംഗങ്ങളുടെ നൃത്താവിഷ്കാരവും ഭരതനാട്യവും അവതരിപ്പിച്ചു. വിദ്യ പണിക്കർ, സ്നിഗ്ധ ദേവദാസ്, സിദ്ധിജ, ആശ, സുനിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. വനിതാ വിഭാഗം അംഗങ്ങളായ ജ്യോതിർമയിയും ബിന്ദു പ്രിയനും പരിപാടികൾ നിയന്ത്രിച്ചു. സമാജം ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

You may also like