ഡോംബിവിലിയിൽ ആവേശകരമായി വനിതാദിനാഘോഷം

by admin

ഡോംബിവിലി: 3823-ാം നമ്പർ ശ്രീനാരായണ ധർമ്മപരിപാലന യോഗം ഡോംബിവിലി വനിതാസംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനുമായി ലോകമെമ്പാടും നടന്ന ചരിത്രസമരങ്ങളുടെ ഓർമ്മ പുതുക്കിയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭ മാർച്ച് 8നെ ലോക വനിതാദിനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി എല്ലാ വർഷവും നടക്കുന്ന ആചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പശ്ചിമ റെയിൽവേ വിജിലൻസ് ഓഫീസറായ ഡോ. ബിന്ദു സന്തേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സർക്കാർ സേവനത്തിനൊപ്പം മുംബൈ സർവകലാശാലയിൽ “ഗുരുവും ക്ഷേത്രാരാധനയും” എന്ന വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയതിനുള്ള ആദരസൂചകമായി ചടങ്ങിൽ അവരെ അനുമോദിച്ചു. വനിതാസംഘം പ്രസിഡന്റും സെക്രട്ടറിയും ചേർന്നാണ് ആദരം നൽകിയത്.

ചടങ്ങിൽ സംസാരിച്ച ഡോ. ബിന്ദു സന്തേഷ്, അനാചാരങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ ധീരമായി നിലകൊണ്ട് നവകേരളത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച മഹാനായ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരുവെന്ന് പറഞ്ഞു. ഗുരുദേവന്റെ ആശയങ്ങളും സന്ദേശങ്ങളും ഇന്നും സമൂഹത്തിന് മാർഗദർശകമാണെന്നും അവർ അഭിപ്രായപ്പെട്ടു.

വനിതാസംഘം പ്രസിഡണ്ട് സിന്ധു വിജയകുമാർ, വൈസ് പ്രസിഡണ്ട് ചന്ദ്രിക ദാസപ്പൻ, സെക്രട്ടറി ഐഷാ കാർത്തികേയൻ, ട്രഷറർ നിഷ അശോകൻ, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം ബിന്ദു രവീന്ദ്രൻ, ശാഖാ പ്രസിഡണ്ട് സജീവ് കെ, വൈസ് പ്രസിഡണ്ട് കെ.വി. ദാസപ്പൻ, ശാഖാ സെക്രട്ടറി മധുസൂദനൻ കെ.കെ, വനിതാസംഘം കോർഡിനേറ്റർ ടി.കെ. വാസു എന്നിവർ ആശംസാപ്രസംഗം നടത്തി.

തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾക്ക് ഇതോടെ സമാപനം കുറിച്ചു.

You may also like