മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ പൻവേലിലുള്ള സ്ഥലത്ത് മുംബൈ ടാറ്റാ ആശുപത്രിയുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത. നമ്മുടെ അടുത്തുള്ള വ്യക്തിയെ മനസ്സിലാക്കുമ്പോഴാണ്, നമ്മൾ നമ്മളെ മനസ്സിലാകുന്നത്.
അതിനാൽ, ആവശ്യകതയിൽ ഇരിക്കുന്ന വ്യക്തിക്ക് നമ്മൾ ഉപകാരപ്പെടുമ്പോൾ ആണ് നമ്മൾ നമ്മളെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നത് എന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ക്യാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾ ബാധിച്ച് കഴിയുന്ന നിരാലംബർക്ക് കാരുണ്യ സ്പർശം ആകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭം തുടങ്ങുന്നത്.
രോഗശയ്യയിൽ കിടക്കുന്നവരെ നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ, വിശുദ്ധ കുർബ്ബാനയിൽ ക്രിസ്തുവിന്റെ സാന്നിധ്യം നിങ്ങൾക്ക് കാണാൻ കഴിയില്ല എന്ന് ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Tata Memorial Centre ACTREC ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി, ഭദ്രാസന സെക്രട്ടറി വെരി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ, അനിത വർനെക്കർ , Asst Manager – CSR, Alkem, സഭ-ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പട്ടക്കാർ വിശ്വാസ സമൂഹം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ കൺവൻഷൻറെ സമാപന സമ്മേളനത്തിൽ ഭദ്രാസനാധിപൻ പ്രഖ്യാപിച്ച രണ്ടാമത്തെ സ്വപ്ന പദ്ധതിയായ ലോണാവാല കംഷേതിലുള്ള മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും മെത്രപ്പോലീത്ത നിർവ്വഹിച്ചു. അൻപതിൽ പരം മുറികളും മറ്റു സജ്ജീകരണങ്ങളും അടങ്ങുന്ന കെട്ടിടം മുംബൈ, പൂനെ മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് ക്യാമ്പുകൾ നടത്തുവാൻ സാധ്യമാകുന്ന രീതിയിലാണ് പണികഴിപ്പിക്കുന്നത്.