മുംബൈ: ഏപ്രിൽ 9-ന് നടക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി മഹാരാഷ്ട്രയിൽ യു.ഡി.എഫ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിക്കുന്നു. എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി 2002 ലിസ്റ്റ് അടിസ്ഥാനമാക്കി പുതിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിരവധി പുതുമുഖ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ പോയാൽ ഭാവിയിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, വോട്ടർമാരെ ബോധവൽക്കരിക്കുകയും നാട്ടിലെത്തിച്ച് വോട്ട് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുകയാണ് കൺവൻഷന്റെ പ്രധാന ലക്ഷ്യം.
മാർച്ച് 29-ന് വൈകുന്നേരം 7 മണിക്ക് ഫോർട്ടിലെ പ്രോസ്പെക്ട് ചേംബർ അനെക്സിൽ കൺവൻഷൻ നടക്കും. ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരും പങ്കെടുത്ത് പരിപാടി വിജയകരമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
മഞ്ചേശ്വരം, കാസർഗോഡ്, തൃക്കരിപ്പൂർ, അഴീക്കോട്, കുത്തുപറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടർമാരെ നാട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൾ ഗഫൂർ വ്യക്തമാക്കി.