മിസൈൽ-ഡ്രോൺ ഭീഷണി തകർത്ത് യുഎഇ; രാജ്യത്ത് ആശങ്ക വേണ്ടെന്ന് മന്ത്രിയുടെ ഉറപ്പ്

by WhatsUp Mumbai

ദുബായ് :

മിസൈൽ ആക്രമണശ്രമങ്ങളും ഡ്രോൺ ഭീഷണികളും ഉണ്ടായിട്ടും രാജ്യത്ത് സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്ന് യുഎഇ മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശ സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അടുത്തിടെയുണ്ടായ മിസൈൽ, ഡ്രോൺ ശ്രമങ്ങൾ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് അവർ അറിയിച്ചു.

രാജ്യത്തിലെ ഓരോ പൗരനും താമസക്കാരനും സുരക്ഷിതരാണ്. ഭീഷണികളെ ചെറുക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്,” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. വ്യോമ പ്രതിരോധ സംവിധാനം ലോകോത്തര നിലവാരത്തിലുള്ളതാണെന്നും ആക്രമണശ്രമങ്ങൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപേ തന്നെ നിഷ്ക്രിയമാക്കാൻ കഴിയുന്ന ശേഷിയുണ്ടെന്നും അവർ വ്യക്തമാക്കി.

സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാണെന്നും ഏതു സാഹചര്യമുണ്ടായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ. സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി സമാധാനപരമാണെന്നും സർക്കാർ വീണ്ടും ആവർത്തിച്ചു.

You may also like