മുംബൈ: കല്യാൺ റെയിൽവേ സ്റ്റേഷനടുത്ത് ഇന്ന് രാവിലെ ഏകദേശം 9 മണിയോടെ മദ്യലഹരിയിൽ വൈദ്യുതി പോസ്റ്റിൽ കയറിയ ഒരാളുടെ ‘പ്രകടനം’ ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക ബ്രേക്ക് നൽകി. സുരക്ഷാ ഭീഷണി ഉയർന്നതോടെ റെയിൽവേ അധികൃതർ വൈദ്യുതി വിതരണം നിർത്തിയതോടെ സർവീസുകൾ തടസ്സപ്പെട്ടു.
സ്റ്റേഷനു സമീപത്തെ വൈദ്യുതി പോസ്റ്റിൽ കയറിയ ഇയാൾ താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെ ഉദ്യോഗസ്ഥരും യാത്രക്കാരും കുരുക്കിലായി. ട്രെയിൻ സമയപ്പട്ടികയെ പോലും ‘മറികടന്ന്’ സ്വന്തം ഷോ തുടർന്നതോടെ യാത്രക്കാർക്ക് വേറെ വഴിയില്ലാതെ കാത്തിരിപ്പ് തുടരേണ്ടി വന്നു.
അഗ്നിശമനസേനയും റെയിൽവേ ജീവനക്കാരും ചേർന്ന് ഏറെ ശ്രമിച്ചാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കിയത്.
സംഭവത്തെ തുടർന്ന് ചില ട്രെയിനുകൾ വൈകി ഓടുകയും യാത്രക്കാർക്ക് അസൗകര്യം നേരിടുകയും ചെയ്തു. ഒരാളുടെ ലഹരി ‘സ്റ്റണ്ട്’ നൂറുകണക്കിന് യാത്രക്കാരുടെ ദിനചര്യ തന്നെ താളം തെറ്റിച്ചതായി അധികൃതർ അറിയിച്ചു.