താനെ : ഡോംബിവിലി കേരളീയ സമാജം സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ മുതിർന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വർമ്മ ‘എന്റെ കഥയും കാലവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റെയിൽവേ സേവനത്തിലെ മൂന്ന് പതിറ്റാണ്ടിലധികം നീണ്ട അനുഭവങ്ങളും നാലു പതിറ്റാണ്ടോളം മഹാനഗരജീവിതത്തിൽ കണ്ട വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും തന്നെയാണ് തന്റെ കഥകൾക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കഥകൾക്ക് പിന്നിലെ ജീവിതാനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.


ഇന്ത്യ ടുഡെ മാനേജിങ് എഡിറ്റർ എം.ജി. അരുണ്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരെയും അനുഭവങ്ങളെയും പുതുജീവൻ നൽകി കഥകളായി പുനർസൃഷ്ടിക്കുകയാണ് സുരേഷ് വർമ്മയുടെ എഴുത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.
സമാജം സെക്രട്ടറി രാജശേഖരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതം പറഞ്ഞു. സന്തോഷ് പല്ലശ്ശന ചർച്ച നിയന്ത്രിച്ചു. മഹാനഗരത്തിന്റെ മനശാസ്ത്രവും ജീവിതത്തിലെ വൈരുദ്ധ്യങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നതാണ് സുരേഷ് വർമ്മയുടെ കഥകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കെ. രാജൻ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രേമൻ ഇല്ലത്ത്, അനിൽ പ്രകാശ്, ജോസ് കല്ലുപ്രയിൽ, പി. വിശ്വനാഥൻ, ജയശ്രീ സുരേഷ്, രാജേന്ദ്രൻ കുറ്റൂർ, വിജയൻ പിള്ള, അജിത് ആനാരി, മോഹൻ സി. നായർ, ഇ. ഹരീന്ദ്രനാഥ്, വേണുഗോപാൽ, ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രേമൻ ഇല്ലത്ത് നന്ദി രേഖപ്പെടുത്തി.