മുംബൈ: നഗരത്തിലെ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ കല്ലേറിൽ യുവതിയുടെ കണ്ണിൽ ഗുരുതരമായി പരിക്കേറ്റു. ദാദർ റെയിൽവേ സ്റ്റേഷൻ സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്കാണ് അജ്ഞാതൻ കല്ലെറിഞ്ഞത്.അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിലേക്കാണ് കല്ല് എറിഞ്ഞത്. തുടർന്ന് യുവതി വേദനയിൽ അലറിക്കരഞ്ഞതോടെ സഹയാത്രികർ ഉടൻ സഹായത്തിനെത്തുകയായിരുന്നു.
പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സ തുടരുകയാണെന്നും നില നിരീക്ഷണത്തിലാണെ ന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് യാത്രക്കാരിൽ ആശങ്കയും ഭീതിയും വ്യാപകമായി ഉയർന്നു. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കല്ലെറിഞ്ഞത് ആരാണെന്നും സംഭവത്തിന് പിന്നിലെ കാരണവും കണ്ടെത്താൻ പൊലീസ് ശ്രമം ശക്തമാക്കി.സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ലോക്കൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ വീണ്ടും ചോദ്യം ചെയ്യുന്ന ഈ സംഭവം, കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ അനിവാര്യമാണെന്ന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.