മുംബയ്: ശ്രീനാരായണ ഗുരുവിന്റെ 99-ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം മുംബയ് താനെ യൂണിയൻ ആസ്ഥാനമായ ഘാട്കോപ്പർ യൂണിയൻ ഓഫീസിൽ പൂജ, അർച്ചന, ഗുരു പുഷ്പാഞ്ജലി, സമാധി പൂജ എന്നിവയോടെ ആചരിച്ചു.

യൂണിയന്റെ കീഴിലുള്ള മോഹപ്പാട- രസായനി, പനവേൽ, കാമോത്തെ, സി. ബി. ഡി & ബേലാപ്പൂർ, നെരുൾ ഈസ്റ്റ്, സിവുഡ്, വാഷി, ഐരോളി- ഘൺസോളി, ചെമ്പൂർ കോളനി, ആന്റോപ് ഹിൽ, ഭാണ്ഡുപ്പ്, കല്യാൺ ഈസ്റ്റ്, കല്യാൺ വെസ്റ്റ്, ഡോംബിവ്‌ലി, ഉല്ലാസ് നഗർ, അംബർനാഥ്, സാക്കി നാക്ക, ഗോരേഗാവ്, മാലാഡ്- മൽവണി, മീരാ റോഡ്, ഭയന്ദർ, വസായ്, നല്ല സോപ്പാറ, നാസിക് എന്നീ ശാഖകളിലും ദിനാചരണം സംഘടിപ്പിച്ചു.

വിവിധ ശാഖകളിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, സമാധി ഗാന ആലാപനം, ആരതി എന്നിവയും തുടർന്ന് കഞ്ഞി വീഴ്ത്തൽ, അന്നദാനം, മഹാപ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകളോടെയുമാണ് മഹാസമാധി ദിനാചരണം ഭക്തിനിർഭരമായി നടന്നത്.


