ഗുജറാത്തിൽ ഞെട്ടിക്കുന്ന സംഭവം ; കോളജിലേക്ക് പോയ രണ്ട് വിദ്യാർഥിനികളെ പിന്നീട് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

by admin

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയിൽ രണ്ട് കോളജ് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി.

18നും 20നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികൾ രാവിലെ കോളജിലേക്ക് പോകാൻ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണുകളുടെ അവസാന ലൊക്കേഷൻ ക്ഷേത്ര സമുച്ചയത്തിനുള്ളിലാണെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരും ക്ഷേത്രത്തിലെ ശുചിമുറിയിലേക്ക് പ്രവേശിക്കുന്നതായി വ്യക്തമായി.

പോലീസ് സ്ഥലത്തെത്തുമ്പോൾ ശുചിമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി. വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ കാരണം വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like