ഐസിയുവിൽ എലിക്കടിയേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നഗരത്തിലെ സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലിരുന്ന വയോധികയ്ക്ക് എലിക്കടിയേറ്റ  സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സംഭവത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി കണക്കാക്കുന്നതായാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ.

മിരാ-ഭയന്ദറിൽ പ്രവർത്തിക്കുന്ന പണ്ഡിറ്റ് ഭിംസേൻ ജോഷി സർക്കാർ ആശുപത്രി യിൽ ചികിത്സയിൽ കഴിയുകയായിരുന്ന 89-കാരി സുഹാസിനി മത്തെക്കറാണ് ഇര. 

ഗുരുതരാവസ്ഥയെ തുടർന്ന് ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ.

മാർച്ച് 13-നു രാവിലെ ബന്ധുക്കൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് രോഗിയുടെ കൈയിൽ എലി കടിച്ച പാടുകൾ കണ്ടെത്തിയത്. ഐസിയുവിൽ ശുചിത്വവും സുരക്ഷാ മേൽനോട്ടവും പര്യാപ്തമായിരുന്നില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചത്.

സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് കമ്മീഷൻ നോട്ടീസ് നൽകി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും ആശുപത്രി ഡീനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മേയ് 4-ന് പരിഗണിക്കും.

സംഭവത്തിൽ ആവശ്യമായ ജാഗ്രതയും നടപടികളും ആശുപത്രി അധികൃതർ സ്വീകരിച്ചില്ലെന്ന നിരീക്ഷണവും കമ്മീഷൻ രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് സർക്കാർ ആശുപത്രികളിലെ ശുചിത്വവും രോഗി സുരക്ഷയും വീണ്ടും ചർച്ചയാകുകയാണ്.

You may also like