ഐരോളിയിൽ പൊങ്കാല പുണ്യം; മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളുടെ ആത്മീയ മഹാസംഗമം

by admin

നവിമുംബൈ : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഐരോളി അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ ഒരുക്കിയ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക് സാക്ഷിയായി. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് സ്ത്രീഭക്തർ വ്രതാനുഷ്ഠാനവും ആത്മവിശ്വാസവും ചേർത്ത് ദേവിക്ക് നേർച്ചയായി പൊങ്കാല അർപ്പിച്ചു.

രാവിലെ 9.45ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ച് ചടങ്ങുകൾക്ക് ഭക്തിപൂർവ്വമായ തുടക്കം കുറിച്ചു. പുകമറഞ്ഞ അന്തരീക്ഷത്തിലും മന്ത്രോച്ചാരണങ്ങളുടെയും പ്രാർത്ഥനകളുടെയും ഇടയിൽ പൊങ്കാല കലങ്ങൾ ഒരുമിച്ച് തിളച്ചു. ഭക്തിയും ഐക്യവും നിറഞ്ഞ കാഴ്ചകൾ ക്ഷേത്രപരിസരം ആത്മീയതയാൽ നിറച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് പൊങ്കാല നിവേദ്യം നടത്തി. തുടർന്ന് നടന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഏകദേശം 120ഓളം പൊങ്കാല അടുപ്പുകളാണ് ഇതിനായി ക്രമീകരിച്ചിരുന്നത്.

പൊങ്കാലയുടെ ഒരുക്കങ്ങൾക്കും ക്രമീകരണങ്ങൾക്കും കൺവീനർമാരായ മുരളി മേനോനും സജീന്ദ്രനും നേതൃത്വം നൽകി. സേവാസമിതിയംഗങ്ങളുടെ സജീവ സഹകരണത്തോടെ ചടങ്ങുകൾ ഭംഗിയായി സമാപിച്ചു.

You may also like