താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻയുടെ 32-മത് വാർഷികാഘോഷം ഫെബ്രുവരി 8ന് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 6ന് ആരംഭിച്ച ചടങ്ങ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സുധാകരൻ, സെക്രട്ടറി പി.കെ. രമേശൻ, ട്രഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കെ.എം. സുരേഷിന്റെ നേതൃത്വത്തിൽ ബാലകൃഷ്ണൻ, പ്രസാദ്, മോഹൻ മേനോൻ, രമേശൻ, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച സംഘനൃത്തം ശ്രദ്ധേയമായി. ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച ഒപ്പന, കൈകൊട്ടിക്കളി, കർഷക നൃത്തം എന്നിവയും പ്രേക്ഷക ശ്രദ്ധ നേടി. ഗുരു സായി ഗീത മോഹന്റെ ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികളുടെ നൃത്തങ്ങളും മലയാളം ക്ലാസിലെ കുട്ടികളുടെ കവിതാലാപനവും അരങ്ങേറി.
ശമ്പാലി ബാനർജിയുടെ സംഗീത ക്ലാസിലെ വിദ്യാർത്ഥികൾ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളായ സിദ്ധിജ രമേശ്, രാധാകൃഷ്ണൻ, ആശ ശ്രീകൃഷ്ണൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. പ്രഭാകരനും സംഘവും ഹാസ്യരൂപത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.
കഴിഞ്ഞ അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി., പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ എക്സ്ട്രാകരിക്കുലർ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാനതല വിജയികൾക്കും മെറിറ്റ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.
ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും പരിപാടി അവതരിപ്പിച്ചു. രാത്രി 10 മണിയോടെ സമ്മാനദാനത്തോടെ വാർഷികാഘോഷം സമാപിച്ചു.