മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-ാമത് കൺവൻഷൻ സമാപനത്തിൽ പ്രഖ്യാപിച്ച രണ്ട് സ്വപ്ന പദ്ധതികൾക്ക് ഫെബ്രുവരി 23 തിങ്കളാഴ്ച തുടക്കമാകും.
രാവിലെ 10.30ന് പൻവേലിലെ ഭദ്രാസനത്തിന്റെ സ്ഥലത്ത്, ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപനം മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത നിർവഹിക്കും. ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, ACTREC ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി എന്നിവരും സന്നിഹിതരാകും. ചികിത്സയ്ക്ക് വഴിയില്ലാത്ത ക്യാൻസർ രോഗികൾക്ക് ആശ്വാസവും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.
വൈകിട്ട് 3.30ന് ലോണാവാലയിലെ മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ ഭാഗമായി പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം മെത്രപ്പോലീത്ത നിർവഹിക്കും. സഭാ-ഭദ്രാസന ഭാരവാഹികളും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.
കാരുണ്യവും സേവനവും കൂട്ടിച്ചേർക്കുന്ന ഈ ഇരട്ട പദ്ധതികൾ ഭദ്രാസനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പുതുവെളിച്ചമായി മാറുമെന്നാണു വിലയിരുത്തൽ.