മുംബൈ വിമാനത്താവളത്തിൽ 10.75 കോടിയുടെ സ്വർണവേട്ട: ജീവനക്കാരനടക്കം 6 പേർ പിടിയിൽ

by WhatsUp Mumbai

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ മിന്നൽ പരിശോധനയിൽ 10.75 കോടി രൂപ വിലമതിക്കുന്ന 6.85 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഗോൾഡ് സ്ട്രൈക്ക്’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വിമാനത്താവളത്തിലെ കരാർ ജീവനക്കാരനും 5 ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടെ ആറുപേർ പിടിയിലായത്. 3.76 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഡിആർഐ കണക്കാക്കുന്നത്.
ടിറ്റ്‌വാല സ്വദേശിയും സ്വകാര്യ വിമാനക്കമ്പനിയിലെ കരാർ ജീവനക്കാരനുമായ മുനാഫ് ജമാദാറാണ് (23) കേസിൽ ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് മെഴുക് രൂപത്തിലാക്കിയ 7 സ്വർണ കാപ്സ്യൂളുകൾ കണ്ടെടുത്തു. ട്രാൻസിറ്റ് യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങി പുറത്തെത്തിക്കലായിരുന്നു ഇയാളുടെ ചുമതല. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ദുബായ്, ബാങ്കോക്ക്, മാലെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മുംബൈ വഴി യാത്ര ചെയ്ത ബംഗ്ലാദേശ് പൗരന്മാരായ മുഹമ്മദ് മൊഹിയുദ്ദീൻ (36), മുഹമ്മദ് ഇസ്മായിൽ ഹൊസൈൻ (37), മുഹമ്മദ് റാഷിദുൽ ആലം (38), മുഹമ്മദ് അബു നാസർ (38), മുഹമ്മദ് നാസിമുദ്ദീൻ (30) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് 9 കാപ്സ്യൂളുകൾ കൂടി കണ്ടെടുത്തു.

ആകെ 16 കാപ്സ്യൂളുകളിലായി കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് ആക്ട് പ്രകാരം പിടിച്ചെടുത്തത്. പ്രതികളിൽ മൂന്ന് പേർക്കായി അഭിഭാഷകരായ ആശിഷ് സിങ്, ബിരേന്ദ്ര യാദവ് എന്നിവർ കോടതിയിൽ ഹാജരായി. പിടിയിലായവരെ റിമാൻഡ് ചെയ്തു. കേസിൽ ഡിആർഐ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like