ഗ്യാസ് ക്ഷാമം; വടാ പാവ് കടകൾ അടയുന്നു, മുംബൈയിലെ തെരുവ് ഭക്ഷണ സ്റ്റാളുകളും പ്രതിസന്ധിയിൽ

by admin

മുംബൈ: നഗരത്തിൽ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം അനുഭവപ്പെടുന്നതോടെ തെരുവ് ഭക്ഷണ സ്റ്റാളുകൾ പ്രതിസന്ധിയിൽ. ഗ്യാസ് ലഭിക്കാത്തതിനാൽ മുംബൈയുടെ പ്രശസ്തമായ വടാപാവ്, സമോസ, ഭജിയ പോലുള്ള ലഘു ഭക്ഷണങ്ങൾ പല സ്ഥലങ്ങളിലും ലഭിക്കാത്തതായി റിപ്പോർട്ട്.

കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതാണ് പ്രധാന കാരണം. പാചകത്തിനാവശ്യമായ ഗ്യാസ് കിട്ടാത്തതിനാൽ ചില തെരുവ് ഭക്ഷണ സ്റ്റാളുകൾ പ്രവർത്തനം കുറയ്ക്കുകയും ചിലത് താൽക്കാലികമായി അടയ്ക്കുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.

അതേസമയം എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുംബൈയിലെ പ്രശസ്ത വടപാവ് കേന്ദ്രമായ ‘ലഡു സമ്രാട്’ താൽക്കാലികമായി അടച്ചു. കൊമേഴ്ഷ്യൽ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്തതിനാലാണ് ലാൽബാഗിലെ കടയുടെ പ്രവർത്തനം നിർത്തിയത്.ദിവസേന ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്നും വടാപാവ് കഴിക്കാനായി എത്താറുള്ളത്.

1967-ൽ ആരംഭിച്ച ‘ലഡു സമ്രാട്’ മുംബൈയുടെ തെരുവ് ഭക്ഷണ സംസ്കാരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

എൽപിജി ക്ഷാമം തുടരുന്നതിനാൽ നഗരത്തിലെ നിരവധി ഹോട്ടലുകളും തെരുവ് ഭക്ഷണശാലകളും പ്രതിസന്ധിയിലായതായി വ്യാപാരികൾ അറിയിച്ചു.

ദിവസേന തൊഴിലാളികളും റിക്ഷാ–ടാക്സി ഡ്രൈവർമാരും സാധാരണക്കാർയും ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് വടാ പാവ്, സമോസ,ഭജിയ, മിസൽ പാവ്,തുടങ്ങിയവ. എന്നാൽ പല സ്ഥലങ്ങളിലും ഇവ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നഗരവാസികൾ പറയുന്നു.

“മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ഉച്ചയ്ക്ക് പലപ്പോഴും ലഞ്ച് കഴിക്കാൻ സമയം കിട്ടാറില്ല. അങ്ങനെ വരുമ്പോൾ ഉച്ച സമയത്ത് സാൻഡ്‌വിച്ച് അല്ലെങ്കിൽ വടാ പാവ് ആണ് ഇടയ്ക്ക് കഴിക്കുന്നത്.എന്നാൽ ഇപ്പോൾ പല സ്റ്റാളുകളിലും അത് ലഭിക്കുന്നില്ല,”മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന ജയശങ്കർ മാടത്തേരി പറഞ്ഞു.

“രാവിലെ പലരും ദോശ കഴിക്കാൻ ഹോട്ടലുകളിലേക്ക് പോകാറുണ്ട്. എന്നാൽ ഗ്യാസ് പ്രശ്നം കാരണം ചില ഹോട്ടലുകളിൽ ദോശ ലഭിക്കാത്ത അവസ്ഥയാണ്,” നരിമാൻ പോയിന്റിൽ ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന കവിത പറഞ്ഞു.

“രാവിലെ മിസൽ പാവ് കഴിക്കാൻ പോകുമ്പോഴും പല കടകളിലും ലഭ്യമല്ല. ഗ്യാസ് കിട്ടാത്തതാണ് കാരണം എന്ന് കടക്കാരൻ പറഞ്ഞു,”കൊരിയർ കമ്പനിയിൽ ജോലി ചെയ്യുന്ന സുമേഷ് പ്രതികരിച്ചു.

ഗ്യാസ് വിതരണം ഉടൻ സാധാരണ നിലയിലാകാത്ത പക്ഷം കൂടുതൽ സ്റ്റാളുകൾ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന ആശങ്കയും തെരുവ് ഭക്ഷണ വ്യാപാരികൾ പങ്കുവെക്കുന്നു.

മുംബൈക്കാർക്ക് വടാ പാവ് വെറും ലഘുഭക്ഷണമല്ല; നഗരത്തിന്റെ അടയാളം തന്നെയാണ്. മുംബൈ തെരുവുകളിൽ ജനിച്ച ‘ഇന്ത്യൻ ബർഗർ’ എന്നറിയപ്പെടുന്ന വടാ പാവ്, ലോക്കൽ ട്രെയിനുകളുടെ തിരക്കിലും ഓഫീസ് ഓട്ടത്തിനിടയിലും മുംബൈക്കാരുടെ വിശപ്പിന് ഏറ്റവും വേഗത്തിലുള്ള ഉത്തരമാണ്.

You may also like