മുംബൈ: എൽപിജി സിലിണ്ടറിന്റെ വില വർധിക്കുകയും ബുക്കിംഗ് സംവിധാനത്തിൽ തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ താനെ ഉൾപ്പെടെയുള്ള മുംബൈ നഗരപരിസരങ്ങളിലെ പല കുടുംബങ്ങളും ഇൻഡക്ഷൻ അടുപ്പുകളിലേക്ക് മാറിത്തുടങ്ങി. ഗ്യാസ് സിലിണ്ടർ സമയത്ത് ലഭിക്കാത്തത് കാരണം വീടുകളിൽ പാചകം തന്നെ ബുദ്ധിമുട്ടാകുന്നുവെന്നാണ് പലരും പറയുന്നത്.
ഇതോടെ ഇലക്ട്രോണിക് കടകളിലും ഓൺലൈൻ വിപണികളിലും ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്ക് ആവശ്യകത കുത്തനെ ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിൽപ്പന ഗണ്യമായി വർധിച്ചുവെന്നും ചില കടകളിൽ സ്റ്റോക്ക് വേഗത്തിൽ തീരുന്ന സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം ഇൻഡക്ഷൻ അടുപ്പിൽ പാചകം ചെയ്യാൻ പ്രത്യേക പാത്രങ്ങൾ ആവശ്യമായതിനാൽ പലർക്കും പുതിയ പാത്രങ്ങൾ വാങ്ങേണ്ടിവരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ മാസവൈദ്യുതി ബില്ലും ഉയരാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
എങ്കിലും ഗ്യാസ് ലഭ്യതയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പാചകം തടസ്സപ്പെടാതിരിക്കാനായി താൽക്കാലിക പരിഹാരമായി ഇൻഡക്ഷൻ അടുപ്പുകളെയാണ് പലരും ആശ്രയിക്കുന്നത്.