മുംബൈ: ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നു, ഇന്നും അതുതന്നെയാണ്, ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്ന് ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ പ്രവർത്തകനുമായ സുനിൽ ദേവധർ പറഞ്ഞു. മുംബൈയിലെ അന്ധേരി ഈസ്റ്റിലെ മറോൾ പ്രദേശത്ത് നടന്ന ആർഎസ്എസ് “മുംബൈ വ്യാഖ്യാനമാല” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഇതിഹാസങ്ങളും പൗരാണിക കഥകളും പലപ്പോഴും തെറ്റായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നുവെന്ന് ദേവധർ ആരോപിച്ചു. ഇതിലൂടെ ഹിന്ദു സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
രാജാ ഹരിശ്ചന്ദ്രൻ, ദ്രൗപതി, ശ്രീരാമൻ എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും യഥാർത്ഥ സാഹചര്യങ്ങൾ പരിഗണിക്കാതെ അവതരിപ്പിക്കപ്പെടുന്നുവെന്നും ദേവധർ വ്യക്തമാക്കി. ഇത്തരം കഥകൾ ശരിയായ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മതവും സംസ്കാരവും കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ദേവധർ ആരോപിച്ചു.
സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിനായാണ് ആർഎസ്എസ് മുംബൈയിൽ “വ്യാഖ്യാനമാല” പ്രഭാഷണ പരമ്പര സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.