മുംബൈ: സംഘ ശതാബ്ദിയോടനുബന്ധിച്ച് ദേശീയ സ്വയംസേവക സംഘം ഭാരത് ഭാരതിയുടെ ആഭിമുഖ്യത്തിൽ മുംബൈ മഹാനഗരത്തിൽ രണ്ടു സ്ഥലങ്ങളിലായി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. നവി മുംബൈ നെരൂൾ അമൃതാനന്ദമയി മഠം ഹാളിൽ മാർച്ച് 14-ന് ശനിയാഴ്ചയും, മാട്ടുംഗയിലെ എസ്.ഐ.ഇ.എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് 15-ന് ഞായറാഴ്ചയുമായിരുന്നു പരിപാടികൾ നടന്നത്.
സംഘത്തിന്റെ മുംബൈയിലെയും നവി മുംബൈയിലെയും പ്രവർത്തകർ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കുടുംബാംഗങ്ങളോടൊപ്പം പരിപാടികളിൽ പങ്കെടുത്തു. നൂറുകണക്കിന് ആളുകൾ സംബന്ധിച്ച സംഗമങ്ങൾക്ക് ഭാരത് ഭാരതി പ്രമുഖ് എ.ആർ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ പ്രമുഖ പ്രവർത്തകരായ കമലേഷ് പട്ടേൽ, രവീന്ദ്ര സാംഖി, വിലാസ് ഭഗവത് എന്നിവർ പങ്കെടുത്തു.
സംഘ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പ്രവർത്തകർക്ക് വിലാസ് ഭഗവത് നിർദേശങ്ങൾ നൽകി. ഭാരത് ഭാരതി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എ.ആർ. ഗോകുൽദാസ് വിശദീകരിച്ചു. സംഘ ശതാബ്ദിയുടെ സന്ദേശം ഓരോ മലയാളിയിലും എത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
നെരൂളിൽ നടന്ന ചടങ്ങിൽ അമൃതാനന്ദമയി മഠാധിപതി സ്വാമി അമയാ മൃതാനന്ദജി, ഹിന്ദു ജാഗരൺ മഞ്ച് കോശാധ്യക്ഷൻ പി. സുരേഷ് ബാബു എന്നിവരും വിവിധ സംഘടനാ പ്രവർത്തകരും ആശംസകൾ നേർന്നു.
പ്രധാന പ്രഭാഷണത്തിൽ സദാനന്ദൻ മാസ്റ്റർ പറഞ്ഞു: ആശയ പ്രതിബദ്ധതയും നിഷ്ഠാപരമായ പ്രവർത്തനവുമാണ് സംഘത്തെ ലോകത്ത് അദ്വിതീയമാക്കിയത്. നിസ്വാർത്ഥ സേവനവും സേവാസന്നദ്ധതയും സംഘത്തിന്റെ പ്രത്യേകതകളാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി നിർമ്മാണത്തിലൂടെ സാമൂഹ്യ ശക്തീകരണം ഉറപ്പാക്കി രാഷ്ട്ര നവോത്ഥാനം സാധ്യമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സമൂലമായ മാറ്റങ്ങൾ ഭാരതത്തെ ലോകഗുരുസ്ഥാനത്തേക്ക് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ജീവിതയാത്രയിൽ നിർണായക സ്വാധീനം ചെലുത്തിയ മുംബൈയിലെ സുഹൃത്ത് ഗോകുൽദാസിനെക്കുറിച്ചും സദാനന്ദൻ മാസ്റ്റർ സദസിനോട് പങ്കുവെച്ചു. ഗോകുൽദാസ് ഇല്ലായിരുന്നെങ്കിൽ താനിന്ന് ഈ വഴിയിലാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തിൽ കുടുംബത്തിൽ ഭൂരിഭാഗം പേരും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരായിരുന്നുവെന്നും, അച്ഛനും മൂത്ത സഹോദരനും അതിന്റെ അനുഭാവികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ സ്വാധീനത്തിൽ താനും അതേ വഴിയിൽ പ്രവർത്തിച്ചു. യു.പി സ്കൂൾ കാലം മുതൽ ഗോകുൽദാസുമായി സൗഹൃദമുണ്ടായിരുന്നുവെന്നും, വ്യത്യസ്ത ആശയങ്ങളിലായിരുന്നെങ്കിലും ആ സൗഹൃദം ഒരിക്കലും ക്ഷയിച്ചില്ലെന്നും അദ്ദേഹം ഓർമ്മിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലെ പരിമിതികൾ തിരിച്ചറിഞ്ഞതോടെ ആർ.എസ്.എസ് പ്രവർത്തനങ്ങളിലേക്ക് ചേർന്നതും, അതിന് പ്രചോദനമായത് ഗോകുൽദാസാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ മേഖലയിലെ വിവിധ പരിവാർ സംഘടനകളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും സദാനന്ദൻ മാസ്റ്ററെ ആദരിച്ചു. നെരൂളിൽ വിനോദും മാട്ടുംഗയിൽ പ്രസാദും പരിപാടികൾ നിയന്ത്രിച്ചു. വന്ദേമാതരം ആലാപനത്തോടെ പരിപാടികൾ സമാപിച്ചു.