മുംബൈ: നഗരത്തിൽ ചൂട് കനക്കുന്നതിനിടെ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ദിനംപ്രതി ചൂട് കൂടുതൽ രൂക്ഷമാകുകയാണ്.
വേനൽച്ചൂടിനൊപ്പം വായു മലിനീകരണവും ആശങ്ക ഉയർത്തുന്നു. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ‘പൂർ’ വിഭാഗത്തിൽ തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഉച്ചസമയങ്ങളിൽ ചൂട് അതിരൂക്ഷമാകുന്നതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. മതിയായ അളവിൽ വെള്ളം കുടിക്കണമെന്നും, കുട്ടികളും വയോജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അടുത്ത ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. താപനില സാധാരണ നിലയെക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.
ചൂടും മലിനീകരണവും ഒരുമിച്ച് നഗരത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.