ചെമ്പൂരിൽ മലയാളോത്സവ സമാപനം മാർച്ച് 15ന്; മുഖ്യാതിഥിയായി നടൻ കിഷോർ എൻ.കെ

by WhatsUp Mumbai

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനാലാമത് മലയാളോത്സവത്തിന്റെ സമാപനച്ചടങ്ങ് മാർച്ച് 15-ന് ഞായറാഴ്ച വൈകിട്ട് 4ന് ചെമ്പൂർ ആദർശ വിദ്യാലയിൽ നടക്കും. പ്രശസ്ത സീരിയൽ–സിനിമാ നടനും അവതാരകനുമായ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് കിഷോർ എൻ.കെ മുഖ്യാതിഥിയായിരിക്കും. സംഘത്തിന്റെ പത്ത് മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

2012 മുതൽ മുംബൈയിലെ മലയാളികൾ ആവേശത്തോടെ സംഘടിപ്പിച്ചു വരുന്ന കലാമേളയാണ് മലയാളോത്സവം. കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃക കലകളും പരിപോഷിപ്പിക്കാനും യുവതലമുറയെ ഈ കലകളോട് അടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്കൂൾ–കോളേജ് യുവജനോത്സവങ്ങളെ മാതൃകയാക്കി ഈ കലോത്സവം നടത്തിവരുന്നു. കഴിഞ്ഞ പതിനാലു വർഷങ്ങളായി മികച്ച ജനപങ്കാളിത്തമാണ് മലയാളോത്സവത്തിന് ലഭിച്ചു വരുന്നത്. പ്രത്യേകിച്ച് യുവജനങ്ങളുടെ സജീവ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഊർജം പകരുന്നതായും സംഘാടകർ പറയുന്നു. ഭിന്നശേഷിക്കാർക്കും ചില ഇനങ്ങളിൽ നേരിട്ട് മത്സരിക്കാൻ ഇത്തവണ അവസരം നൽകിയിരുന്നു.

ഡിസംബർ 14-ന് ചെമ്പൂർ ആദർശ വിദ്യാലയിൽ നടന്ന കേന്ദ്ര കലോത്സവത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. ഫെബ്രുവരി 1-ന് നടത്തിയ നാടകോത്സവത്തിലെ വിജയികൾക്കും അഖില മഹാരാഷ്ട്ര തലത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കും ഇതോടൊപ്പം പുരസ്കാരങ്ങൾ നൽകും.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ മുഖപത്രമായ ‘കേരളം വളരുന്നു’ എന്ന മാസികയുടെ പ്രത്യേക പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലയാളോത്സവത്തിൽ കേന്ദ്രതലത്തിൽ സമ്മാനാർഹമായ കലാപരിപാടികൾ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.

You may also like