മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനാലാമത് മലയാളോത്സവത്തിന് ഭംഗിയാർന്ന സമാപനം. മാർച്ച് 15-ന് ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടന്ന ചടങ്ങ് കലയും സാഹിത്യവും നിറഞ്ഞ മനോഹര സായാഹ്നമായി മാറി.
വിവിധ മേഖലകളിലെ കലാകാരന്മാർ അവതരിപ്പിച്ച മികച്ച കലാപരിപാടികളോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സംഘം പ്രസിഡന്റ് സന്ദീപ് വർമ്മ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ-സീരിയൽ നടനും അവതാരകനുമായ സംസ്ഥാന അവാർഡ് ജേതാവ് കിഷോർ എൻ. കെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പഴയതലമുറയും പുതുതലമുറയും തമ്മിലുള്ള ആശയ വ്യത്യാസങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത കിഷോർ എൻ. കെ തന്റെ പ്രസംഗത്തിൽ ലളിതമായി അവതരിപ്പിച്ചു. സദസ്സുമായി സംവദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. മഹാനഗരത്തിൽ ഇത്തരത്തിലുള്ള വേദികൾ ഒരുക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് മുഖ്യാതിഥിയെ വേദിയിൽ ആദരിച്ചു. ടി.എൻ. ഹരിഹരൻ ഫലകം സമ്മാനിച്ചു.
ചടങ്ങിൽ ടി.എൻ. ഹരിഹരൻ, കെ. പവിത്രൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, രാജൻ നായർ, ഗിരിജാവല്ലഭൻ എന്നിവർ പങ്കെടുത്തു. സംഘത്തിന്റെ മുഖപത്രമായ “കേരളം വളരുന്നു”യുടെ പ്രത്യേക പതിപ്പ് കിഷോർ എൻ. കെ പ്രകാശനം ചെയ്തു. സംഘടനയുടെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
മലയാളോത്സവത്തിന്റെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൽ വസായിയിലെ ഗൗരിനന്ദ രാജേന്ദ്രൻ വിജയിയായി. സാഹിത്യ മത്സരങ്ങളിൽ രാജൻ കിണറ്റിങ്കര, രഘു ബാലകൃഷ്ണൻ, മേഘനാദൻ, രഞ്ജിത് രഘുപതി, മോഹനൻ കെ.വി, സുരേഷ്‌കുമാർ ടി എന്നിവർ പുരസ്കാരങ്ങൾ നേടി.
ഫെബ്രുവരി 1-ന് നടന്ന നാടകോത്സവത്തിലെ വിജയികൾക്കും മികച്ച നടൻ-നടി പുരസ്കാരങ്ങളും വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളിൽ വിജയിച്ച സംഘങ്ങൾക്കും ആദരം നൽകി.
ഡിസംബർ 14-ന് നടന്ന കേന്ദ്ര കലോത്സവത്തിലെ വിജയികൾക്കും പുരസ്കാരങ്ങൾ നൽകി. ആറാം തവണയും ചാമ്പ്യൻഷിപ്പ് നിലനിർത്തിയ കല്യാൻ-ഡോംബിവലി മേഖല ട്രോഫി നേടി. നവി മുംബൈ മേഖല റണ്ണറപ്പ് ആയി.
കലയും സാഹിത്യവും കൈകോർത്ത ഈ മഹോത്സവം മുംബൈയിലെ മലയാളികൾക്ക് ഐക്യത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ഉത്സവമായി മാറി.