മുംബൈ: അന്ധേരി ഈസ്റ്റിൽ 15കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ആദ്യം ആത്മഹത്യയായി കരുതിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ ഡിഎൻ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച ബാലനും പ്രതികളായ പ്രായപൂർത്തിയാകാത്തവരും ബന്ധുക്കളാണെന്ന് പൊലീസ് അറിയിച്ചു. ഗണേശ് നഗറിൽ ഒരുമുറിയിൽ താമസിച്ചിരുന്ന ഇവർ ബിഹാറിൽ നിന്നെത്തി മുംബൈയിൽ ഹോട്ടൽ ജോലികളിൽ ഏർപ്പെട്ടിരുന്നു.
മാർച്ച് 18ന് ഇവർക്കിടയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വളർന്നു. തുടർന്ന് പ്രതികൾ ചേർന്ന് ബാലനെ പിടിച്ചുവച്ച് തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയായി ചിത്രീകരിക്കാൻ മൃതദേഹം ഒരു ദിവസം മുറിയിൽ സൂക്ഷിച്ച ശേഷമാണ് ബാലന്റെ പിതാവിനെ വിവരം അറിയിച്ചത്. എന്നാൽ സംഭവസ്ഥലത്തെ സാഹചര്യങ്ങളിൽ സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വിലെപാർലെ വെസ്റ്റിലെ കൂപ്പർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിക്കൽ മൂലമുള്ള മരണമാണ് സ്ഥിരീകരിച്ചത്. പ്രതികളായ പ്രായപൂർത്തിയാകാത്തവരെ ബാലപരിരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.