മുംബൈ: മലയാളം മിഷൻ ബാന്ദ്ര–ദഹിസർ മേഖലയിലെ പൊതുയോഗം മാർച്ച് 29-ന് ബോറിവലി ഈസ്റ്റിലെ സിദ്ധാർത്ഥ് നഗരിലെ സെന്റ് ജോൺസ് ഹൈസ്കൂളിൽ നടന്നു. ഉച്ചയ്ക്ക് 2.30 മുതൽ നടന്ന യോഗത്തിൽ ബാന്ദ്ര മുതൽ ദഹിസർ വരെയുള്ള വിവിധ പഠനകേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് അധ്യാപകരും രക്ഷിതാക്കളും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മേഖല കൺവീനർ പ്രദീപ്‌കുമാർ സ്വാഗതം ആശംസിച്ചു. റീന സന്തോഷ് അധ്യക്ഷം വഹിച്ചു. മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ നിരീക്ഷകനായി ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ പങ്കെടുത്തു.
മേഖലയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് പ്രദീപ്‌കുമാർ അവതരിപ്പിച്ചു. റിപ്പോർട്ടിനെ തുടർന്ന് നടന്ന ചർച്ചയിൽ ഗിരിജാവല്ലഭൻ, ഡോ. ഗ്രേസി വർഗ്ഗീസ്, അശ്വനികുമാർ, ബീന ജേക്കബ്, റീന സന്തോഷ്, സജിത ഹർഷൻ, വിദ്യ രാധാകൃഷ്ണൻ, ബാബു കൃഷ്ണൻ, വന്ദന സത്യൻ, വിജീഷ് പൊന്നൻ, സ്മിത അബു, സരിത സതീഷ്, ദീപ അനീഷ്, സിന്ധു പ്രമോദ്, ദീപ്തി രാജീവ്, പ്രദീപ്‌കുമാർ, ശീതൾ ശ്രീരാമൻ എന്നിവർ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള മേഖല ഭാരവാഹികളായി വന്ദന സത്യൻ (പ്രസിഡന്റ്), ശീതൾ ശ്രീരാമൻ (സെക്രട്ടറി), ബാബു കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മുംബൈയിൽ ജനിച്ചു വളർന്ന ശീതൾ ശ്രീരാമൻ സഹാർ മലയാളി സമാജം മലയാളം മിഷൻ ക്ലാസ്സിൽ മലയാളം പഠിച്ച് സീനിയർ ഹയർ ഡിപ്ലോമ “നീലക്കുറിഞ്ഞി” വിജയകരമായി പൂർത്തിയാക്കിയ യുവതിയാണ്. നിലവിൽ അതേ പഠനകേന്ദ്രത്തിൽ അധ്യാപികയായും പ്രവർത്തിക്കുന്നു. സഹാർ മലയാളി സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശീതൾ, വിവിധ കലാ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമാണ്.
പുതിയ നേതൃത്വത്തിൽ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.വന്ദന സത്യൻ നന്ദി അറിയിച്ചു.