ബേസിൽ മുതൽ മാളവിക വരെ ഒരേ വേദിയിൽ; ‘ഗോൾഡൻ ഹാർട്സ്’ ചാരിറ്റി ഷോക്ക് കൗണ്ട്‌ഡൗൺ തുടങ്ങി മാർച്ച് 22-ന് ഷൺമുഖാനന്ദയിൽ മെഗാ താരനിശ

by WhatsUp Mumbai

മുംബൈ: സിനിമാലോകത്തിന്റെ സാന്നിധ്യവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ സന്ദേശവും ഒരുമിക്കുന്ന പ്രത്യേക താരസന്ധ്യയ്ക്ക് നഗരം ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ചാരിറ്റി ഷോ ‘ഗോൾഡൻ ഹാർട്സ്’ മാർച്ച് 22-ന് (ഞായർ) മാട്ടുങ്കയിലെ പ്രശസ്തമായ ഷൺമുഖാനന്ദ ഹാളിൽ വൈകുന്നേരം അരങ്ങേറും. വിനോദവും സേവനവും ഒരുമിക്കുന്ന ഈ മഹാവേദി, മുംബൈയിലെ മലയാളികൾക്ക് ശ്രദ്ധേയമായ ഒരു സാംസ്‌കാരിക അനുഭവമാകുമെന്നാണ് പ്രതീക്ഷ.

മുന്നൂറിലധികം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തിയും, 700-ത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകി പിന്തുണച്ചും, അനേകം ആളുകൾക്ക് ചികിത്സാ സഹായം എത്തിച്ചും ശ്രദ്ധ നേടിയ സംഘടനയാണ് WMC മുംബൈ. അതിന്റെ തുടർച്ചയായാണ് ഈ ചാരിറ്റി പരിപാടി. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക, ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ചികിത്സകൾക്ക് ധനസഹായം നൽകാനും, പിന്നാക്കം നിൽക്കുന്നവർക്ക് നിർണായക പിന്തുണ നൽകാനും, അർഹരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകാനും വിനിയോഗിക്കും.

താരനിര തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം. മലയാള സിനിമാലോകത്തെ പ്രമുഖരായ ബേസിൽ ജോസഫ്, ജോജു ജോർജ്, സംഗീത് പ്രതാപ്, പ്രകാശ് വർമ്മ, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, ഗുഡ് നൈറ്റ് മോഹൻ, തരുൺ മൂർത്തി, ദർശന രാജേന്ദ്രൻ, മാളവിക മോഹനൻ എന്നിവർ വേദിയിൽ അണിനിരക്കും. കൂടാതെ, AMMAയുടെ ആദ്യ വനിതാ പ്രസിഡന്റായ ശ്വേത മേനോൻ ചടങ്ങിൽ പ്രത്യേകമായി ആദരിക്കപ്പെടും.

പരിപാടിയുടെ സംഗീതമണിയായിരിക്കും നാദിർഷയും സംഘവും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. സംഗീതവും ഹാസ്യവും നിറഞ്ഞ അവതരണങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് സംഘം. കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂർണ വിനോദവിരുന്നായി പരിപാടി രൂപകൽപ്പന ചെയ്തിരിക്കുകയാണ്.

പ്രവേശനം പാസ്സുകൾ മുഖേന മാത്രമാണ് അനുവദിക്കുക. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭ്യമാണ്.

സിനിമയും സാമൂഹിക സേവനവും കൈകോർക്കുന്ന ഈ മഹാ താരസന്ധ്യ, മുംബൈയിലെ സാംസ്‌കാരിക കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ ആഘോഷങ്ങളിലൊന്നായി മാറാൻ ഒരുങ്ങുകയാണ്.

You may also like