മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും സാംസ്കാരിക പൈതൃകങ്ങളെ ഒരേ വേദിയിൽ അവതരിപ്പിച്ച ‘മറാഠി–മലയാളി എത്ത്നിക് ഫെസ്റ്റ്’ ഏഴാം സീസൺ വർളിയിലെ നെഹ്റു സയൻസ് സെന്ററിൽ വിജയകരമായി സമാപിച്ചു. 2017 മുതൽ തുടർച്ചയായി സംഘടിപ്പിക്കുന്ന ഈ മഹോത്സവം നെഹ്റു സയൻസ് സെന്ററും ‘അമ്മ’ (ഓൾ മുംബൈ മലയാളി അസോസിയേഷൻ)യും ചേർന്നാണ് നടത്തിയത്. മുംബൈയുടെ ബഹുസ്വര സംസ്കാരത്തെയും ഐക്യബോധത്തെയും തെളിയിച്ച വേദിയായി പരിപാടി മാറി.

മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ്. ഡോ. രവീന്ദ്ര കുൽക്കർണി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ഭാഷകളും സംസ്കാരങ്ങളും കൈകോർക്കുമ്പോൾ സമൂഹം കൂടുതൽ ശക്തമാകുന്നുവെന്നും ഇത്തരത്തിലുള്ള പരിപാടികൾ ദേശീയ ഐക്യത്തെ വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങിൽ നെഹ്റു സയൻസ് സെന്റർ ഡയറക്ടർ ഉമേഷ് കുമാർ റുസ്തഗി ശാസ്ത്രവും കലയും ഒരുപോലെ മനുഷ്യജീവിതത്തെ സമ്പുഷ്ടമാക്കുന്ന ശക്തികളാണെന്നും അഭിപ്രായപ്പെട്ടു.
ഫെസ്റ്റിവൽ ഡയറക്ടറും ‘അമ്മ’ പ്രസിഡന്റുമായ ജോജോ തോമസ്, ഇത് ഒരു ആഘോഷം മാത്രമല്ല, സഹോദര്യത്തിന്റെ സന്ദേശം പകരുന്ന സാംസ്കാരിക വേദിയാണെന്നും പറഞ്ഞു. നൂറുകണക്കിന് സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സായാഹ്നങ്ങളിൽ നടന്ന കലാപരിപാടികളിൽ നിരവധി കലാകാരന്മാർ പങ്കാളികളായി. വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ഫെസ്റ്റ് വിപുലീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന എന്നിവയിലൂടെ കേരളത്തിന്റെ കലാരൂപങ്ങളും, ലാവണി, കോലി ഡാൻസ്, മംഗള ഗൗരി, ഗോന്ധൽ എന്നിവയിലൂടെ മഹാരാഷ്ട്രയുടെ പൈതൃകവും വേദിയിൽ നിറഞ്ഞു നിന്നു. സ്കൂൾതലത്തിൽ ഒൻപത് വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. ഫെബ്രുവരി 21-ന് സംഘടിപ്പിച്ച കവി സമ്മേളനം സാഹിത്യപ്രേമികളുടെ ശ്രദ്ധ നേടിയെടുത്തു.
ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം.ജി. അരുൺ, ഡോ. ദിനേഷ് കാംബ്ലെ, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സംഘാടകസമിതിയംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി വിവിധ മത്സരങ്ങൾ ഏകോപിപ്പിച്ചു. സിന്ധു നായർ പരിപാടി അവതരിപ്പിച്ചു.
മലയാളവും മറാഠിയും കൈകോർത്ത ഈ സാംസ്കാരിക സംഗമം, മുംബൈയുടെ ഐക്യവും സഹവർത്തിത്വവും മനോഹരമായി പ്രകടമാക്കിയ വേദിയായി മാറി.