മുംബൈ : നഗരത്തിൽ കഫ്പരേഡ് സ്വദേശിനിയായ 74 കാരി സൈബർ തട്ടിപ്പിന് ഇരയായി. യെമനിൽ ജോലി ചെയ്യുന്ന ഐക്യരാഷ്ട്രസഭാ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഇവരിൽ നിന്ന് 50.8 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇയാൾ, താൻ യെമനിലെ സമാധാനസേനയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് തന്റെ അഞ്ചുവയസ്സുകാരിയായ മകൾക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനായി അടിയന്തരമായി പണം വേണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു .
ഇത് വിശ്വസിച്ച വയോധിക ജനുവരി മുതൽ ഫെബ്രുവരി വരെ 27 തവണയായി പണം അയച്ചു. ഇങ്ങനെ മൊത്തത്തിൽ 50.8 ലക്ഷം രൂപയാണ് തട്ടിപ്പുകാരന് കൈമാറിയത്.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് വ്യക്തമായി. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ വഴി പരിചയപ്പെടുന്ന അജ്ഞാതരോട് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.