മുംബൈ : കഴിഞ്ഞ വർഷം മുംബൈയിൽ രജിസ്റ്റർ ചെയ്ത 2,182 കാണാതായ കുട്ടികളുടെ കേസുകളിൽ 2,165 കുട്ടികളെ കണ്ടെത്തി കുടുംബങ്ങളിലേക്കു സുരക്ഷിതമായി തിരികെ എത്തിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഏകദേശം 99 ശതമാനം കേസുകളും വിജയകരമായി പരിഹരിക്കാനായതായും അധികൃതർ വ്യക്തമാക്കി.
കാണാതായ ഓരോ കുട്ടിയുടെയും കേസും അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് നഗരത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. വിവിധ ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും സഹകരണവും അന്വേഷണത്തിന് ശക്തി പകർന്നു.
ഇനിയും കണ്ടെത്താനുള്ള 17 കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയാണ് ഏറ്റവും വലിയ മുൻഗണനയെന്നും, കാണാതാകൽ കേസുകളിൽ ത്വരിതഗതിയിൽ നടപടി തുടരുമെന്നും മുംബൈ പൊലീസ് ഉറപ്പുനൽകി.