മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയിലെ പതിനാലാം മലയാളോത്സവം വര്‍ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. മാര്‍ച്ച് 29-ന് ബോറിവലി ഈസ്റ്റ് സിദ്ധാര്‍ത്ഥ നഗറിലെ സെന്റ് ജോണ്‍സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മേഖലയുടെ സാംസ്കാരിക ഉത്സവമായി മാറി.
ഡോ. ഗ്രേസി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് മലയാളം മിഷന് മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ആര്.ഡി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പ്രാരംഭവും വളര്‍ച്ചയും ഉദ്ഘാടനം പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താന്‍ മലയാളോത്സവങ്ങള്‍ മികച്ച വേദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗിരിജാവല്ലഭന്‍ മുഖ്യാതിഥിയെ ആദരിച്ചു. റീന സന്തോഷ്, ബാബു കൃഷ്ണന്, പ്രദീപ്കുമാര്‍ എന്നിവര്‍ വേദി പങ്കിട്ടു. തുടര്‍ന്ന് മത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ടീം ചാമ്പ്യന്‍ഷിപ്പ് ബോറിവലി മലയാളി സമാജം സ്വന്തമാക്കി. സഹാര്‍ മലയാളി സമാജം റണ്ണര്‍ അപ്പ് ആയി. പ്രദീപ്കുമാര്‍ നന്ദി അറിയിച്ചു. ശീതള്‍ ശ്രീരാമന് പരിപാടികള്‍ നിയന്ത്രിച്ചു.