മുംബൈ : അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാമത് വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റ് മഹാകാളി കേവ്സ് റോഡിലെ കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങിൽ താലപ്പൊലിയേന്തിയ ബാലികമാരും മാവേലി എഴുന്നള്ളത്തും വർണാഭമായ പൂക്കളങ്ങളും പ്രധാന ആകർഷണങ്ങളാകും.
പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. വി മധുസൂദനൻ നായർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശാസ്ത്ര ഗവേഷകനും പ്രചാരകനുമായ ഡോ. എ പി ജയരാമൻ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിച്ച ഭീമൻ പൂക്കളം നിർമ്മിച്ച കലാകാരന്മാരെയും, പരിപാടിയിലെ നർത്തകിമാർ, ഗായകർ, മറ്റു കലാകാരന്മാർ എന്നിവരെയും ആദരിക്കും.
തുടർന്ന് സമാജം ഭരണ സമിതി അംഗം കുമാരി അമൃതാ നമ്പ്യാർ ചിട്ടപ്പെടുത്തിയ ദൃശ്യവിരുന്നും ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ വിജയി പ്രീതി വാര്യർ, ഫ്ലവേഴ്സ് ടോപ്പ് സിങ്ങർ വിജയി ശിവശങ്കർ കൃഷ്ണൻ, അശ്വിൻ നമ്പ്യാർ, അമുത നായർ, ശൈലേഷ് പ്രമോദ് തുടങ്ങിയ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും പരമ്പരാഗത ശൈലിയിലുള്ള ഓണസദ്യയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9820063617, 9892123437.