മുംബൈ: ബാന്ദ്ര ഈസ്റ്റിൽ നടി നിമിഷ നായർ നേരിട്ട റോഡരികിലെ അതിക്രമ സംഭവം നഗരത്തിലെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ശ്രദ്ധാകേന്ദ്രമായി.
ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 4.50ഓടെ ഖേർവാടി ഫ്‌ളൈഓവറിന് സമീപമാണ് സംഭവം. ഉബർ കാബിൽ യാത്ര ചെയ്തിരുന്ന നിമിഷയും ഡ്രൈവറും, കാർ മറികടന്നതിനെ തുടർന്ന് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതായി നടി വ്യക്തമാക്കി.
ബൈക്കിലെത്തിയവർ കാബിനെ പിന്തുടർന്ന് ഹൈവേയിൽ വഴിമുടക്കി നിർത്തി. തുടർന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തു.
കാറിന്റെ വാതിൽ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിച്ചതായും, കാറിന്റെ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് അത് നിരസിച്ചതായും നിമിഷ പറഞ്ഞു.
സംഭവസമയത്ത് സമീപത്ത് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും ഇടപെട്ടില്ലെന്ന് നടി ആരോപിച്ചു. താൻ വീഡിയോ പകർത്തുന്നതായി മനസ്സിലാക്കിയതോടെ പ്രതികൾ സ്ഥലത്ത് നിന്ന് പിന്മാറിയതായും അവർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഖേർവാടി പൊലീസ് നിമിഷയെ ബന്ധപ്പെട്ടിട്ടുണ്ട്. തിരക്കുകൾ കാരണം പിന്നീട് ഔദ്യോഗികമായി പരാതി നൽകുമെന്ന് നടി അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണ് എന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു.