അവശ നാടകപ്രവർത്തകർക്ക് ആശ്വാസമായി ‘കുഹൂ’: മുംബൈയിൽ വൻ ആവേശം

by WhatsUp Mumbai

മുംബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നാടകവേദിയെ വീണ്ടും സജീവമാക്കാനുള്ള ലക്ഷ്യത്തോടെ കേരളീയ കേന്ദ്ര സംഘടന മുന്നോട്ട്. ഒരുകാലത്ത് മുംബൈയുടെ സാംസ്കാരിക ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന മലയാള നാടകത്തിന്റെ പ്രാധാന്യം തിരിച്ചുപിടിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.

നാടകാവതരണങ്ങളിലൂടെ സമാഹരിക്കുന്ന തുക നിർദ്ധനരായ രോഗികൾക്കും അശരണർക്കും നൽകുന്നതിനൊപ്പം, അവശത അനുഭവിക്കുന്ന പഴയകാല നാടകപ്രവർത്തകർക്ക് സഹായം നൽകുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോംബിവ്‌ലി കേരളസമാജത്തിന്റെ സഹകരണത്തോടെ പ്രശസ്ത നാടകസംഘമായ Little Earth School of Theatre, Kerala അവതരിപ്പിക്കുന്ന “കുഹൂ” എന്ന നാടകം മാർച്ച് 28ന് കല്യാൺ വെസ്റ്റിലെ കെ.സി. ഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയത്തിലും, മാർച്ച് 29ന് വാഷിയിലെ CIDCO എക്സിബിഷൻ സെന്ററിലും വൈകിട്ട് 7 മണിക്ക് അരങ്ങേറും.

പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുകയാണെന്നും വിവിധ സംഘടനകളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

സമൂഹനന്മ ലക്ഷ്യമാക്കിയ ഈ സംരംഭത്തിൽ എല്ലാ മലയാളി കൂട്ടായ്മകളും സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

You may also like