മുംബൈ: വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് എഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ റമസാൻ കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾക്ക് ഈ സഹായം ആശ്വാസമായി.

അന്ധേരി സാക്കി നാക്കയിൽ നടന്ന സമൂഹ നോമ്പുതുറ സംഗമത്തിനിടെ സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂർ ആദ്യ കിറ്റ് നൽകി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നവി മുംബൈയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ കിറ്റ് വിതരണം ആരംഭിച്ചു. മുംബ്രയിൽ ഐയുഎംഎൽ മഹാരാഷ്ട്ര വനിതാ പ്രസിഡന്റ് നൂർബാനു വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ദേശീയ ട്രഷറർ കെ.എം. റഹ്മാൻ, സംസ്ഥാന ട്രഷറർ പി.എം. ഇക്ബാൽ, ഓർഗനൈസിങ് സെക്രട്ടറി വി.കെ. സൈനുദ്ധീൻ, സബർബൻ ജില്ലാ പ്രസിഡന്റ് ഫിറോസ് അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ, സാക്കി നാക്ക ഏരിയ പ്രസിഡന്റ് വി.കെ. റഫീഖ്, ജനറൽ സെക്രട്ടറി മുംതാഷിർ, അഡ്വക്കേറ്റ് ഫർഹത്, എം.എ. ബക്കർ, മൊഹമ്മദ് ഉൽവർ എന്നിവർ പങ്കെടുത്തു.
മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി സാധാരണ കുടുംബങ്ങൾക്കാണ് റമസാൻ കിറ്റുകൾ വിതരണം ചെയ്തത്. സമൂഹത്തിൽ സഹോദര്യവും കാരുണ്യവും വളർത്തുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് നേതാക്കൾ അറിയിച്ചു.