മലയാളം മിഷൻ മുംബൈ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരഫലം പ്രഖ്യാപിച്ചു

by admin

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിലെ പ്രാദേശിക മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെ പങ്കെടുപ്പിച്ചാണ് ചാപ്റ്റർ തല ഫൈനൽ മത്സരം സംഘടിപ്പിച്ചത്.

ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുംബൈ ചാപ്റ്റർ ചെയർമാൻ ഡോ. എ.പി. ജയരാമൻ മത്സരഫലം പ്രഖ്യാപിച്ചു. യോഗത്തിൽ ഗിരിജാവല്ലഭൻ, നന്ദകുമാർ, വിനയൻ കളത്തൂർ, മധു നമ്പ്യാർ എന്നിവർ സംസാരിക്കുകയും കെ.എസ്. മോഹൻകുമാർ നന്ദി അറിയിക്കുകയും ചെയ്തു.

പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളം മിഷൻ പഠിതാക്കൾ പങ്കെടുക്കുന്ന ഈ മത്സരത്തിൽ, ഇത്തവണ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളാണ് പഠിതാക്കൾ ആലപിച്ചത്. വിനയൻ കളത്തൂർ, മധു നമ്പ്യാർ എന്നിവരായിരുന്നു വിധികർത്താക്കൾ.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അമേയ ദീപു (നാസിക് മേഖല) ഒന്നാം സ്ഥാനവും, റെയ അശ്വിനി കുമാർ (ബാന്ദ്ര-ദഹിസർ മേഖല) രണ്ടാം സ്ഥാനവും, നിയ രാജീവ് (കൊങ്കൺ മേഖല) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ധന്വിൻ ജയചന്ദ്രൻ (കൊളാബ-മാൻഖുർദ് മേഖല) ഒന്നാം സ്ഥാനത്തും, ഹരിത മേനോൻ (ഖാർഘർ-ഐരോളി മേഖല) രണ്ടാം സ്ഥാനത്തും, പത്മനാഭ് മനോഹർ നായർ (മുംബ്ര-കല്യാൺ മേഖല) മൂന്നാം സ്ഥാനത്തും വിജയികളായി. സീനിയർ വിഭാഗത്തിൽ നല്ലസൊപ്പാര-ബോയ്സർ മേഖലയിലെ ദേവിക എസ്. നായർ ഒന്നാം സ്ഥാനവും, മുംബ്ര-കല്യാൺ മേഖലയിലെ സാന്ദ്ര പ്രകാശം നായർ രണ്ടാം സ്ഥാനവും, മഹാഡ്-കാമോഠെ മേഖലയിലെ വൈഷ്ണവ് വി. വാര്യർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ വർഷം ആദ്യമായി അധ്യാപകർക്കായി സംഘടിപ്പിച്ച ‘സുഗതാഞ്ജലി ടീച്ചർ ആഗോള കാവ്യാലാപന മത്സരത്തിൽ’ മീരാ-വസായ് മേഖലയിലെ ശ്രീദേവി മുരളീധരൻ ഒന്നാം സ്ഥാനവും, മുംബ്ര-കല്യാൺ മേഖലയിലെ ദീപ വിനോദ്കുമാർ രണ്ടാം സ്ഥാനവും, ഇതേ മേഖലയിലെ ഷീബ സജീവൻ മൂന്നാം സ്ഥാനവും നേടി. ചാപ്റ്റർ തലത്തിൽ വിജയിച്ച ഈ പ്രതിഭകൾ അടുത്ത ഘട്ടത്തിൽ നടക്കുന്ന ആഗോള മത്സരത്തിൽ മുംബൈ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

You may also like