ആഗോള സിനിമാവേദിയിൽ വീണ്ടും ഇന്ത്യയുടെ തിളക്കം; ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗൊന്ധാൽ’

by WhatsUp Mumbai

മുംബൈ: 2027-ലെ 99-ാമത് ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗൊന്ധാൽ’ (Gondhal) തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI) വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുക.

സന്തോഷ് ദാവഖർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അവിടെ നടക്കാറുള്ള പരമ്പരാഗത ‘ഗൊന്ധാൽ’ ആചാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേഹം. ഇഷിതാ ദേശ്മുഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കിഷോർ കദം, യോഗേഷ് സോഹനി, നിഷാദ് ഭോയിർ, അനൂജ് പ്രഭു എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

വിവിധ ഭാഷകളിൽ നിന്നുള്ള 33 സിനിമകളിൽ നിന്നാണ് പി. ശേഷാദ്രി അധ്യക്ഷനായ ജൂറി സമിതി ‘ഗൊന്ധാൽ’ തെരഞ്ഞെടുത്തത്. അംഗ് (Angh), ഇക്കീസ് (Ikkis) എന്നീ ചിത്രങ്ങളും അവസാന റൗണ്ടിൽ പരിഗണനയിലുണ്ടായിരുന്നു. 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) മികച്ച സംവിധായകനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സന്തോഷ് ദാവഖറിന് ലഭിച്ചിരുന്നു.

ഓസ്കർ എൻട്രി നേടുന്ന നാലാമത്തെ മറാത്തി ചിത്രമാണ് ‘ഗൊന്ധാൽ’. ശ്വാസ് (2005), ഹരിശ്ചന്ദ്രാചി ഫാക്ടറി (2009), കോർട്ട് (2015) എന്നിവയാണ് ഇതിനുമുമ്പ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മറാത്തി സിനിമകൾ.

You may also like