മുംബൈ: ഐഐടി ബോംബെ (IIT Bombay) കാമ്പസിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് (Energy Science and Engineering) വിഭാഗത്തിലെ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് കാമ്പസിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം അണപൊട്ടി.
പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിക്കപ്പെട്ടതിന് പിന്നാലെയാണ് ദാരുണ സംഭവം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ്ജിപിറ്റിയിൽ (ChatGPT) അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചതായി ആരോപിച്ച് വിദ്യാർഥിയെ പിടികൂടിയിരുന്നു. എന്നാൽ, സംഭവത്തിൽ വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി ബോംബെ അധികൃതർ വ്യക്തമാക്കി.
പരീക്ഷാ ഹാളിലെ സംഭവത്തിന് ശേഷം അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. ഈ സംഭവം ഭാവിയിലെ വിദ്യാഭ്യാസത്തെയോ കരിയറിനെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഇരുവരും ഉറപ്പുനൽകിയതായും, തുടർന്ന് വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നെന്നും അധികൃതർ അറിയിച്ചു. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിദ്യാർഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിദ്യാർഥിയുടെ മരണവാർത്ത പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ഐഐടി ബോംബെയുടെ പ്രധാന കവാടത്തിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് വിദ്യാർഥികൾ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും അധികൃതരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ക്രമക്കേട് ആരോപണത്തിന് പിന്നാലെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ ഭയന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന് പൊലീസിനെ വിന്യസിച്ചു. വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സ്ഥാപന അധികൃതർ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. നടന്നു കൊണ്ടിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താത്കാലികമായി മാറ്റി വെച്ചിട്ടുണ്ട്.