മുംബൈ: ഇന്ത്യയുടെ അഭിമാനവും 120-ലധികം വർഷത്തെ പഴക്കവുമുള്ള മുംബൈയിലെ ഐക്കോണിക് താജ് മഹൽ പാലസ് ഹോട്ടൽ ആഗോള തലത്തിൽ വീണ്ടും തിളങ്ങുന്നു. ‘ദി വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്’ (The World’s 50 Best Hotels) പട്ടികയിൽ 30-ാം സ്ഥാനം സ്വന്തമാക്കിയാണ് താജ് മഹൽ പാലസ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ 38-ാം സ്ഥാനത്തുനിന്നാണ് ഹോട്ടൽ എട്ട് പടവുകൾ മുന്നേറിയത്. ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഹോട്ടലും താജ് മഹൽ പാലസ് ആണ്.
പാരീസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആഗോളതലത്തിലെ മികച്ച ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടത്. ഇൻഡസ്ട്രിയലിസ്റ്റ് ജംസെറ്റ്‌ജി ടാറ്റയുടെ സ്വപ്ന പദ്ധതിയായി ആരംഭിച്ച ഈ പൈതൃക ഹോട്ടൽ 1903 ഡിസംബർ 16-നാണ് പ്രവർത്തനം ആരംഭിച്ചത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യ നിർമ്മിക്കുന്നതിനും മുൻപ് ഉയർന്നുവന്ന ഈ മന്ദിരം ഇൻഡോ-സാരാസെനിക്, മൂറിഷ്, നവോത്ഥാന ശൈലികളുടെ അപൂർവ്വ സംഗമമാണ്.
ലോകമെമ്പാടുമുള്ള 800-ലധികം വരുന്ന ആതിഥേയമേഖലയിലെ വിദഗ്ധരും ട്രാവൽ ജേണലിസ്റ്റുകളും അടങ്ങുന്ന പാനലാണ് വോട്ടെടുപ്പിലൂടെ മികച്ച ഹോട്ടലുകളെ തിരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം വർഷവും ഹോങ്കോങ്ങിലെ റോസ്‌വുഡ് ഹോട്ടലാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി ഒന്നാം സ്ഥാനം നിലനിർത്തിയത്. ബാങ്കോക്കിലെ കപെല്ല രണ്ടാം സ്ഥാനവും ഫോർ സീസൺസ് ബാങ്കോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി.