മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 20 ഞായറാഴ്ച മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. മുളുണ്ട് എം.എൽ.എ മിഹിർ കൊട്ടെച്ച പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
രാവിലെ 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറര്‍ മുരളിധരൻ, ലയൺ എം. കുമാരൻ നായർ, പ്രസിഡന്റ് എമിരേറ്റ്സ് കലാശ്രീ സി. കെ. കെ. പൊതുവാൾ, പ്രോഗ്രാം കൺവീനർ ശശിധരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സമാജം അംഗങ്ങളും മുംബൈയിലെ പ്രശസ്ത കലാകാരന്മാരും വിവിധ പരിപാടികൾ അവതരിപ്പിക്കും. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.
കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിക്കുള്ള അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ദാനം, ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും.
ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 വിജയി ശിവശങ്കർ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനങ്ങൾ, നൃത്താധ്യാപിക ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ ലീല ബാലെ, കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ രമണന്റെ നൃത്താവിഷ്കാരം എന്നിവയും അരങ്ങേറും. സംഗീത, സുപ്രഭ നായർ, ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിക്കും. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ ആഘോഷങ്ങൾ സമാപിക്കും.