മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. ബിനു വർഗീസിന് മികച്ച സാമൂഹിക സേവനത്തിനുള്ള ‘നാഷണൽ എക്സലൻസ് അവാർഡ്’ (ദേശീയ ഉൽകൃഷ്ടതാ പുരസ്കാരം) ലഭിച്ചു. നരിമാൻ പോയിന്റിലെ യശ്വന്ത് റാവു ചവാൻ സെന്ററിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമയിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോഗ്രാമിന്റെ ഭാഗമായി മൈത്രി ഫൗണ്ടേഷനും വർമ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘മഹാരാഷ്ട്ര ലോക്ഭവൻ സേവാ സങ്കൽപ് അഭിയാന്റെ’ ഭാഗമായായിരുന്നു ചടങ്. ചടങ്ങിൽ ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളുടെ വിതരണവും മഹാരാഷ്ട്ര ഗവർണർ നിർവ്വഹിച്ചു.
പ്രമുഖ ഹിന്ദു ആത്മീയ നേതാവും ജ്യോതിഷിയുമായ മഹാമണ്ഡലേശ്വർ ഡോ. രാജേശ്വർ ദാസ് ജീ മഹാരാജ് (ആചാര്യ ഡോ. രാജേഷ് ഓജ), മുംബൈയിലെ സാമൂഹിക പ്രവർത്തകൻ മുസ്തഫ യൂസഫലി ഗോം തുടങ്ങിയ പ്രമുഖ വ്യക്തികളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ല സ്വദേശിയായ ഡോ. ബിനു വർഗീസ് നിലവിൽ മഹാരാഷ്ട്രയിലെ താനെയിലാണ് താമസിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ധീരമായി ഇടപെട്ടും നിർഭയമായി നിലപാടുകൾ ഉയർത്തിപ്പിടിച്ചും അനവധി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ സമാനതകളില്ലാത്ത പ്രവൃത്തികൾക്കുള്ള അർഹിച്ച അംഗീകാരമാണ് ഈ പുരസ്കാരം.