കേരളത്തിന്റെ കഥകളിക്ക് മുംബൈയുടെ ഗണേശ വന്ദനം: സോഷ്യൽ മീഡിയയിൽ വൈറലായി ബാന്ദ്രയിലെ ഗണേശോത്സവം

by WhatsUp Mumbai

മുംബൈ: ബാന്ദ്ര ഈസ്റ്റിലെ വീട്ടിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മാതൃകയിൽ ഒരുക്കിയ ഗണേശ വിഗ്രഹം ഭക്തർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നു. കഥകളിയുടെ പൂർണ്ണ ആഹാര്യശോഭയും അലങ്കാരങ്ങളും കോർത്തിണക്കിയാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫറും ഗണേശ വിഗ്രഹ വർക്ക്‌ഷോപ്പ് ഉടമയുമായ ദീപക് ബബരിയ കഴിഞ്ഞ 17 വർഷമായി വീട്ടിൽ ഗണേശോത്സവം ആഘോഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഗണേശ വിസർജന സമയത്ത് ഒരു വിഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ കഥകളിയുടെ ചിത്രം കണ്ടതാണ് ഇത്തവണത്തെ വേറിട്ട ആശയത്തിന് വഴിവെച്ചത്. വെറുമൊരു പശ്ചാത്തലമാക്കാതെ കഥകളിയെ വിഗ്രഹത്തിന്റെ പ്രധാന ഭാഗമാക്കാൻ ദീപക് ബബരിയ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് തൻ്റെ ആശയം സ്കെച്ച് ആർട്ടിസ്റ്റായ ഹരീഷ് ശ്രേസ്തയുമായി പങ്കുവെക്കുകയും അദ്ദേഹത്തിന്റെ ഡിസൈൻ അടിസ്ഥാനമാക്കി ശില്പിയായ പ്രശാന്ത് ഭാഗ്ടി ഈ ആശയം വിഗ്രഹരൂപത്തിലാക്കുകയുമായിരുന്നു. കഥകളി വേഷധാരിയായ കലാകാരൻ കുഞ്ഞു ഗണേശ വിഗ്രഹം കൈകളിൽ ബാലൻസ് ചെയ്ത് പിടിച്ചിരിക്കുന്ന രൂപത്തിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്.

മുഴുവൻ രൂപത്തിന് രണ്ട് അടിയോളം ഉയരമുണ്ടെങ്കിലും അതിലെ ഗണേശ വിഗ്രഹത്തിന് രണ്ട് ഇഞ്ച് മാത്രമാണ് ഉയരം. പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മണ്ണും വെള്ളത്തിൽ അലിയുന്ന ചായങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്; അതിനാൽ ജലജീവികൾക്ക് ഹാനികരമാകുന്ന യാതൊരു മലിനീകരണ വസ്തുക്കളും ഇതിലില്ല.

ദീപക് ബബരിയ യുടെ വീട്ടിലെ അഞ്ചുദിവസത്തെ ഗണേശോത്സവം വെള്ളിയാഴ്ച പൂർത്തിയാകും. തുടർന്ന് സമീപത്തുള്ള കൃത്രിമ നിമജ്ജന കുളത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യും.

You may also like