മുംബൈ: 26/11 മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിൽ കഴിയുന്ന ആറ് പ്രതികളുടെ അഭാവത്തിൽ വിചാരണ (ഇൻ-ആബ്സെൻഷ്യ ട്രയൽ) നടത്തുന്നതിനുള്ള ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി സെപ്റ്റംബർ 30-ലേക്ക് മാറ്റി. പ്രതികൾക്ക് വിളംബര ഉത്തരവ് (പ്രൊക്ലമേഷൻ ഓർഡർ) കൈമാറുന്നതിന് സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഹാഫിസ് സയീദ്, സാക്കി ഉർ റഹ്മാൻ, സാജിദ് മീർ, മേജർ പാഷ, അബു അൽഖമ, അസിം എന്ന അബു ഖഹാഫ എന്നിവർക്കെതിരെയാണ് മുംബൈ സെഷൻസ് കോടതിയിൽ പുതിയ വിളംബര നോട്ടീസ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതികൾ പാകിസ്ഥാനിലാണ് ഉള്ളതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, നോട്ടീസ് ഇന്റർപോൾ വഴി കൈമാറാൻ മുംബൈ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് സെപ്റ്റംബർ 30-ലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
പുതിയ ക്രിമിനൽ നിയമപ്രകാരം, പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതികളുടെ അഭാവത്തിൽ തന്നെ വിചാരണ നടപടികളിലേക്ക് കടക്കാൻ പ്രോസിക്യൂഷന് സാധിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പ്രതികൾ ഹാജരാകാനുള്ള അവകാശം സ്വമേധയാ ഉപേക്ഷിച്ചതായി കണക്കാക്കി കോടതിക്ക് വിചാരണ ആരംഭിക്കാം. തുടർന്ന് ഇവർക്കായി ലീഗൽ എയ്ഡ് സെല്ലിൽ നിന്ന് അഭിഭാഷകനെ നിയമിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.