മുംബൈ: പതിറ്റാണ്ടുകളായി കാത്തിരുന്ന കാമാഠിപുര ക്ലസ്റ്റർ പുനർവികസന പദ്ധതി (Kamathipura Cluster Redevelopment Project) ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ നിർമാണ, വികസന ഏജൻസിയായി (C&DA) ഭഗീരഥി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് (Bhagirathi Housing Pvt. Ltd.), മഠി ഡെവലപ്പേഴ്സ് (Mathi Developers) എന്നിവരുമായി മ്ഹാഡ (MHADA) നിർണായക കരാർ ഒപ്പിട്ടു. പദ്ധതിയുടെ ഭൗതിക നിർമാണ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന ദീപാവലി ദിനത്തിൽ ആരംഭിക്കും.
ബാന്ദ്രയിലെ മ്ഹാഡ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മ്ഹാഡ വൈസ് പ്രസിഡന്റും സിഇഒയുമായ സഞ്ജീവ് ജയ്സ്വാളിന്റെ (Sanjeev Jaiswal) സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. ഡിസിപിആർ-2034 (DCPR-2034) റെഗുലേഷൻ 33(9) പ്രകാരം മുംബൈ ബിൽഡിങ് റിപ്പയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡാണ് (MBRRB) പദ്ധതി നടപ്പിലാക്കുന്നത്. മ്ഹാഡയാണ് ഇതിന്റെ നോഡൽ ഏജൻസിയും സ്പെഷ്യൽ പ്ലാനിങ് അതോറിറ്റിയും (SPA). പദ്ധതി ആസൂത്രണ ഘട്ടത്തിൽ നിന്ന് നടപ്പാക്കൽ ഘട്ടത്തിലേക്ക് കടന്നുവെന്ന് സഞ്ജീവ് ജയ്സ്വാൾ വ്യക്തമാക്കി.
1 മുതൽ 15 വരെയുള്ള പാതകളിലായി പരന്നുകിടക്കുന്ന ഏകദേശം 34 ഏക്കർ പ്രദേശമാണ് പുനർവികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. 475 സെസ്സ്ഡ് കെട്ടിടങ്ങളും 259 നോൺ-സെസ്സ്ഡ് കെട്ടിടങ്ങളും അടങ്ങുന്ന പ്രദേശത്ത് 6,625 റെസിഡൻഷ്യൽ, 1,376 നോൺ-റെസിഡൻഷ്യൽ താമസക്കാരുൾപ്പെടെ 8,001 കച്ചവടക്കാരും താമസക്കാരുമാണുള്ളത്. കൂടാതെ എണ്ണൂറോളം ഭൂവുടമകളുമുണ്ട്. നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളും ജനസാന്ദ്രതയും ഇടുങ്ങിയ വഴികളും കണക്കിലെടുത്താണ് ഒറ്റപ്പെട്ട കെട്ടിടങ്ങൾ വികസിപ്പിക്കുന്നതിന് പകരം ക്ലസ്റ്റർ വികസനം നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം അർഹരായ റെസിഡൻഷ്യൽ താമസക്കാർക്ക് 500 ചതുരശ്ര അടി വിസ്തീർണമുള്ള പുനരധിവാസ ഫ്ലാറ്റുകൾ സൗജന്യമായി ലഭിക്കും. വ്യാപാരികളെയും പുനരധിവസിപ്പിക്കും. കൂടാതെ മ്ഹാഡയ്ക്ക് 44,000 ചതുരശ്ര മീറ്റർ ഹൗസിങ് സ്റ്റോക്ക് ലഭ്യമാകുന്നതിലൂടെ ഏകദേശം 900 അധിക ഭവനങ്ങൾ നിർമ്മിക്കാൻ സാധിക്കും.
നിർമാണ കാലയളവിൽ താമസക്കാർക്ക് സാമ്പത്തിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വർഷത്തെ വാടക മുൻകൂറായി നൽകുന്നതിനൊപ്പം തുടർന്നുള്ള ഒരു വർഷത്തെ വാടക ചെക്കുകളായും നൽകും. സാധനങ്ങൾ മാറ്റുന്നതിനായി ഒറ്റത്തവണ അലവൻസായി 25,000 രൂപയും ലഭിക്കും.
വ്യാപാരികൾക്ക് 200 ചതുരശ്ര അടി വരെയുള്ള കടകൾക്ക് മാസം 25,000 രൂപയും, 200 മുതൽ 400 ചതുരശ്ര അടി വരെ 30,000 രൂപയും, 400 ചതുരശ്ര അടിക്ക് മുകളിൽ 35,000 രൂപയും വാടകയായി ലഭിക്കും. ഭൂവുടമകൾക്ക് പ്ലോട്ട് ഒന്നിന് പ്രതിമാസം 25,000 രൂപ വീതവും നൽകും. ഡെവലപ്പറെ തിരഞ്ഞെടുക്കാനുള്ള ടെൻഡർ നടപടികൾ 2025 ജൂണിലാണ് ആരംഭിച്ചത്. തുടർന്ന് ഈ വർഷം ഏപ്രിലിൽ സംസ്ഥാന സർക്കാർ ഡെവലപ്പർമാരുടെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.