മുംബൈ ലോക്കലിന് പുതിയ മുഖച്ഛായ: 18,000 കോടിയുടെ മെഗാ വികസനം; ദാദർ ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ

by WhatsUp Mumbai

മുംബൈ: മുംബൈ ഉപനഗര റെയിൽവേയുടെ നവീകരണത്തിനായി 18,000 കോടി രൂപയുടെ വികസന പദ്ധതികൾ പുരോഗമിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2030-ഓടെ ലോക്കൽ ട്രെയിൻ സർവീസുകൾ പ്രതിദിനം 3,200-ൽ നിന്ന് 3,500 ആയി ഉയർത്തും. ഓട്ടമാറ്റിക് വാതിലുകളുള്ള 238 പുതിയ എസി ലോക്കൽ ട്രെയിനുകൾ സർവീസിലിറക്കും. ഇതിൽ ആദ്യ ട്രെയിൻ 2027-ൽ എത്തും. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (CSMT) നിന്ന് സാവന്ത്വാടി റോഡിലേക്കുള്ള പുതിയ എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, നിയമസഭാ സ്പീക്കർ അഡ്വ. രാഹുൽ നർവേക്കർ, മന്ത്രി നിതീഷ് റാണെ, മുംബൈ മേയർ റിതു താവ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റെയിൽവേ ശൃംഖലയുടെ വികസന ഭാഗമായി ദാദറിൽ ഒരു പുതിയ പ്ലാറ്റ്‌ഫോമും, ജോഗേശ്വരിയിൽ 5 പ്ലാറ്റ്‌ഫോമുകളും, വസായ് റോഡിൽ 6 പ്ലാറ്റ്‌ഫോമുകളും, ലോക്മാന്യ തിലക് ടെർമിനസിൽ (LTT) 4 പ്ലാറ്റ്‌ഫോമുകളും നിർമിക്കും. 15-കോച്ച് ട്രെയിനുകൾക്കായി വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടും. കൂടാതെ ഗണേശോത്സവത്തോടനുബന്ധിച്ച് 350 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നും ആവശ്യമെങ്കിൽ 20 ട്രെയിനുകൾ കൂടി അധികമായി ഓടിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

You may also like