ഭോപ്പാൽ: സ്വന്തമായി ഒരു അതിർത്തി പ്രദേശം കണ്ടെത്താനായി രണ്ട് വർഷം കൊണ്ട് 400 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് യുവ കടുവ. മധ്യപ്രദേശിലെ റതപാനി വന്യജീവി സങ്കേതത്തിൽ നിന്ന് യാത്ര തിരിച്ച കടുവയാണ് 5 ജില്ലകൾ കടന്ന് ഒടുവിൽ തനിക്ക് അനുയോജ്യമായ കാട് കണ്ടെത്തിയത്.
റതപാനിയിൽ നിന്ന് പുറപ്പെട്ട കടുവ ഭോപ്പാൽ, സെഹോർ, ഷാജാപൂർ, ഉജ്ജയിൻ, റത്‌ലാം എന്നീ ജില്ലകളിലൂടെയാണ് യാത്ര ചെയ്തത്. ജനവാസ മേഖലകളും ഹൈവേകളും കൃഷിയിടങ്ങളും സുരക്ഷിതമായി കടന്നായിരുന്നു ഇതിന്റെ സഞ്ചാരം. വനംവകുപ്പും റേഡിയോ കോളർ വിവരങ്ങൾ അടിസ്ഥാനമാക്കി കടുവയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു.
മറ്റൊരു മുതിർന്ന കടുവയുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനും സ്വന്തമായി പ്രദേശം സ്ഥാപിക്കാനുമാണ് യുവ കടുവകൾ സാധാരണയായി പുതിയ ഇടങ്ങൾ തേടിയിറങ്ങുന്നത്. രണ്ട് വർഷത്തെ നീണ്ട അലച്ചിലിനൊടുവിൽ റത്‌ലാമിലെ കാടുകളിൽ കടുവ സ്വന്തം സാമ്രാജ്യം കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.