മുംബൈ:പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ തനിമ ചോരാതെ മുംബൈയിലെ മലയാളി മനസ്സ് വീണ്ടുമൊരു ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ബോറിവ്‌ലി മലയാളി സമാജത്തിന്റെ (BMS) ആഭിമുഖ്യത്തിലുള്ള ‘ഓണം 2026’ ആഘോഷങ്ങൾ ആഗസ്റ്റ് 30 ഞായറാഴ്ച വിവിധ പരിപാടികളോടെ അരങ്ങേറും. ന്യൂ MHB കോളനിയിലെ ബി.എം.എസ് ഓഡിറ്റോറിയത്തിൽ (ദി ബി.എം.എസ് ബ്രിയോ ഇന്റർനാഷണൽ – സിബിഎസ്ഇ ആന്റ് വി. കെ കൃഷ്ണമേനോൻ അക്കാദമി) രാവിലെ 10 മുതൽക്കാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
പരമ്പരാഗതമായ ചടങ്ങുകൾക്ക് പുറമേ, പ്രവാസി മലയാളി പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഓണപ്പാട്ടുകൾ, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. പ്രവാസലോകത്ത് പരസ്പര സൗഹൃദം പുതുക്കാനും ഒരുമയുടെ സന്ദേശം പങ്കുവെക്കാനുമുള്ള വലിയൊരു ഒത്തുചേരലായി മാറ്റാനാണ് സംഘാടകരുടെ തീരുമാനം.ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.