ധൂർത്തിന് പൂട്ടിട്ട് മഹാരാഷ്ട്ര; മന്ത്രിമാർ ഇനി ഇലക്ട്രിക് വണ്ടികളിലേക്ക്; വൻ മാറ്റം.

by WhatsUp Mumbai

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാരാഷ്ട്ര സർക്കാരിലും കടുത്ത ചെലവുചുരുക്കൽ നടപടികൾ. മന്ത്രിമാരുടെ വിദേശയാത്രകൾക്കും അകമ്പടി വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഏകനാഥ് ഷിൻഡെ സർക്കാർ തീരുമാനിച്ചു. ഖജനാവിലെ ധൂർത്ത് ഒഴിവാക്കി ജനപക്ഷ പരിപാടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അത്യാവശ്യമില്ലാത്ത വിദേശ പര്യടനങ്ങൾ പൂർണ്ണമായും വെട്ടിച്ചുറയ്ക്കും. സംസ്ഥാനത്തിന് വ്യക്തമായ ഗുണമുണ്ടാകുന്ന നിക്ഷേപങ്ങൾ ആകർഷിക്കാൻ മാത്രമാകും ഇനി ഔദ്യോഗിക വിദേശയാത്രകൾ അനുവദിക്കുക. വൻ തുക ചെലവാക്കിയുള്ള ഇത്തരം യാത്രകൾ ഒഴിവാക്കുന്നതിലൂടെ വലിയൊരു സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മന്ത്രിമാരുടെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും. ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനുമാണിത്. ഇതിനുപുറമെ, പരിസ്ഥിതി സൗഹൃദപരമായ മാറ്റത്തിന്റെ ഭാഗമായി മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ ഇലക്ട്രിക് (EV) മോഡലുകളിലേക്ക് മാറ്റാനും സർക്കാർ നടപടി തുടങ്ങി.

പുതിയ തീരുമാനത്തെ ഭരണപക്ഷത്തെ പ്രമുഖർ സ്വാഗതം ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനും ഈ മാതൃകാപരമായ നീക്കം സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലളിതമായ ഭരണശൈലിയും ചെലവുചുരുക്കൽ നടപടികളും ബിജെപി-ശിവസേന സർക്കാരിന് സോഷ്യൽ മീഡിയയിലടക്കം വലിയ സ്വീകാര്യതയാണ് നൽകുന്നത്.

You may also like