വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ. യാത്രയ്ക്കിടെ നൽകുന്ന ഭക്ഷണം ഇനി നിർബന്ധിത സേവനമല്ലാതെ യാത്രക്കാരുടെ ഇഷ്ടാനുസൃതമാക്കാനാണ് കമ്പനിയുടെ നീക്കം. ഭക്ഷണം ആവശ്യമില്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനാകുമെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിലവിൽ വിമാനടിക്കറ്റിന്റെ നിരക്കിൽ ഭക്ഷണച്ചെലവും ഉൾപ്പെടുന്നുണ്ട്. എന്നാൽ നിരവധി യാത്രക്കാർ വിമാനത്തിൽ ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നതായി കണ്ടെത്തിയതോടെയാണ് സേവനരീതിയിൽ മാറ്റം കൊണ്ടുവരാൻ എയർ ഇന്ത്യ ആലോചിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാർക്ക് ‘ഭക്ഷണം വേണം’ അല്ലെങ്കിൽ ‘ഭക്ഷണം വേണ്ട’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. ഭക്ഷണം ഒഴിവാക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കൂടിയ ചെലവ് നിയന്ത്രിക്കാനും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ പുതിയ പദ്ധതി. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രയ്ക്ക് ഇത് വഴിയൊരുക്കുമോയെന്ന ആകാംക്ഷയിലാണ് യാത്രക്കാർ.