നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾക്ക് ഉണർവ്വേകാൻ ന്യൂ ബോംബെ കേരളീയ സമാജം (NBKS) വീണ്ടും സാഹിത്യ വേദി ഒരുക്കുന്നു. സമാജത്തിന്റെ സാഹിത്യ കൂട്ടായ്മയായ ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി ‘തളിരുകൾ’ എന്ന പേരിൽ പ്രത്യേക സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു.
ഞായറാഴ്ച (മാർച്ച് 29) വൈകിട്ട് 5 മണിക്ക് നെരൂൾ സമാജത്തിലെ എൻ.ബി.കെ.എസ് ഹാളിൽ പരിപാടി നടക്കും.
പുതുതലമുറയുടെ എഴുത്തുകളെ അവതരിപ്പിക്കുകയും അവയെ ആഴത്തിൽ വിലയിരുത്തുകയും ചെയ്യുന്ന ഈ വേദിയിൽ യശസ്വിനി ജെ ഷെട്ടി, അയൻ സുരേഷ് നായർ, ആനന്ദ് ഗോപകുമാർ, വൈഷ്ണവി വിജയൻ, ഗായത്രി ഗോപകുമാർ എന്നിവർ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കും. ബാലസാഹിത്യത്തിലെ പുതിയ സ്വരങ്ങൾ കേൾക്കാനുള്ള അപൂർവ അവസരമായിരിക്കും ഈ സംഗമം.
പരിപാടിയിൽ മുഖ്യാതിഥിയായി അഡ്വ. ജേക്കബ് ജോസഫ് പങ്കെടുക്കും. കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകൾക്ക് പ്രോത്സാഹനം നൽകുകയും അവരുടെ സാഹിത്യ പ്രതിഭകൾക്ക് വളർച്ചയ്ക്കുള്ള വാതിൽ തുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുതിയ തലമുറയുടെ സൃഷ്ടിപരമായ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ വേദിയിലേക്ക് സാഹിത്യപ്രേമികളും രക്ഷിതാക്കളും എത്തിച്ചേരുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു