ബാബു നായർക്ക് അഹല്യാനഗർ ജില്ലാ ചുമതല നൽകി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി

by admin

പുണെ: മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) ജനറൽ സെക്രട്ടറി ബാബു നായരെ അഹല്യാനഗർ ജില്ലാ സംഘടനാ ചുമതലക്കാരനായി നിയമിച്ചു. അഹമ്മദ്നഗർ സിറ്റി നിയമസഭാ മണ്ഡലത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ് നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹർഷവർധൻ സപ്കാളിന്റെ നിർദേശപ്രകാരം സംസ്ഥാന കോൺഗ്രസ് കമ്മിറ്റി മുതിർന്ന ഉപാധ്യക്ഷൻ അഡ്വ. ഗണേഷ് പാട്ടീലാണ് നിയമന പ്രഖ്യാപനം നടത്തിയത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ബാബു നായർ, രണ്ടു തവണ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ അംഗമായിരുന്നു. പിംപ്രി-ചിഞ്ച്‌വാഡ് കോർപറേഷനിൽ കൗൺസിലറാകുന്ന ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം.

എൻ.എസ്.യു.ഐ.യിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന ബാബു നായർ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സേവാദൾ എന്നീ സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കൂടാതെ പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, എം.പി.സി.സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നാലു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബാബു നായർ നിലവിൽ പിംപ്രി-മോർവാഡിയിലാണ് താമസിക്കുന്നത്.

You may also like