ട്രെയിനുകളിൽ രാത്രി ഇനി മൊബൈൽ ചാർജിങ് ഇല്ല; കർശന നിയന്ത്രണവുമായി റെയിൽവേ

by admin

മുംബൈ: ട്രെയിനുകളിലെ രാത്രി സമയത്തെ മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണമേർപ്പെടുത്തി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി.

ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്തും. നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ട്രെയിൻ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. 2014-ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമമാണ് ഇപ്പോൾ കർശനമായി പാലിക്കാൻ സോണുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ – ഹൗറ മെയിലിൽ ഒഡീഷയിൽ വച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി റെയിൽവേ വിലയിരുത്തി.

You may also like